സുൽത്താൻ ബത്തേരി: ഏത് നിമിഷവും പ്രതിക്ഷിക്കുന്ന ഒരുഫോൺ വിളി. ഫോണിന്റെ അങ്ങേതലയ്ക്കൽ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള സന്ദേശമായിരിക്കാം. ഈ ഫോൺബെൽ മുഴങ്ങാൻ തുടങ്ങിയിട്ട് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടു. ഇന്നും നിസ്വാർത്ഥ സേവനവുമായി ഫയർഫോഴ്സുകാർ. തുടക്കത്തിൽ തീഅണയ്ക്കാൻ വേണ്ടി മാത്രമായിട്ടുള്ള സേനയായിരുന്നങ്കിൽ ഇന്ന് ജീവൻരക്ഷ മുഖ്യ ലക്ഷ്യവുമായാണ് അഗ്നിരക്ഷാ സേന പ്രവർത്തിക്കുന്നത്. സഹായത്തിനായി ഒരു വിളിയൊച്ച എവിടെ നിന്ന് മുഴങ്ങിയാലും അവിടെ ഓടിയെത്താൻ അഗ്നി രക്ഷാസേന രംഗത്തുണ്ട്
1944 ഇന്നേ ദിനം ബോംബേ വിക്‌ടോറിയ ടെർമിനലിൽ ഉദ്ദേശം 1400 ടൺ സ്‌ഫോടക വസ്തുക്കളുമായി വന്ന എസ്എസ് സ്റ്റൈക്കിനി എന്ന കപ്പലിന് തീപിടിച്ച് വൻ സ്‌ഫോടനം ഉണ്ടായി. തീ അണയ്ക്കുന്നതിനായി എത്തിയ ബോംബേ ഫയർ ബ്രിഗേഡിലെ 71 സേനാ അംഗങ്ങൾ തീപിടുത്തത്തിൽ മരണപ്പെട്ടു. സേനയ്ക്ക് 71 പേരെ ബലികൊടുക്കേണ്ടി വന്നങ്കിലും ഒരു വൻ ദുരന്തത്തിൽ നിന്ന് നഗരത്തെയും ജനങ്ങളെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. സേന നടത്തിയ ധീരമായ ഈ പ്രവർത്തിയുടെ ഓർമ്മയ്ക്കായാണ് ഏപ്രിൽ 14 ദേശീയ ഫയർ സർവ്വീസ് ദിനമായി ആചരിക്കുന്നത്.
സംസ്ഥാനത്തെ ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഫയർ സർവ്വീസ് ദിനം വിവിധ പരിപാടികളോടെ ആചരിക്കുകയാണ്. സുൽത്താൻ ബത്തേരി അഗ്നി രക്ഷാനിലയത്തിൽ കുട്ടികൾക്കായി പ്രസംഗ മൽസരം, അഗ്നിസുരക്ഷ സംബന്ധിച്ച ലഘുലേഖ വിതരണം, മോക്ഡ്രിൽ തുടങ്ങിയവയിലൂടെ ബോധവൽക്കരണ പരിപാടി നടത്തുന്നുണ്ട്.