news
കനത്തമഴയിൽ നശിച്ച വേളത്തെ നെൽവയൽ

കുറ്റ്യാടി: കാറ്റും കനത്ത മഴയും കാട്ടുമൃഗ ശല്യവും വേളത്തെ കർഷകരെ കണ്ണീരിലാഴ്ത്തുന്നു. പഞ്ചായത്തിലെ മണിമല, അടിവയൽ , കുറിച്ചകം, കൊളശ്ശേരിത്താഴ, ചെറിയാണ്ടി, മാണിക്കോത്ത് തുടങ്ങിയ പ്രദേശങ്ങളിലെ തെങ്ങ്, വാഴ, നെല്ല് മുതലായ കാർഷിക വിളകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പാടെ നശിച്ചത്. പാടശേഖരത്തിലെ ഹെക്ടർ കണക്കിന് നെൽകൃഷി വെള്ളത്തിലായി. കൊയ്യാൻ പാകമായ 40 ഏക്കറിലെയും കൊയ്തു വച്ച 60 ഏക്കറിലെയും നെല്ല് പൂർണമായും നശിച്ചു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം പാടത്ത് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. കാട്ടുപന്നി ശല്യവും കർഷകർക്ക് കടുത്ത വെല്ലുവിളിയായിട്ടുണ്ട്. ഏകദേശം പത്ത് ഏക്കറോളം വയലിലെ നെല്ലാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. അടിവയൽ,​ കുറിച്ചകം, ചെറിയാണ്ടി പാടശേഖരങ്ങളിലെ കൊയ്യാറായ നെല്ലും പന്നികൾ ചവിട്ടിമെതിച്ചു. പാവള്ളാട് വയലിൽ ഒരേക്കർ ഭൂമിയിലെ നെല്ലാണ് പന്നികൾ നശിപ്പിച്ചത്. കർഷകർക്ക് ഇത്രയേറെ ദുരിതമുണ്ടായിട്ടും കൃഷി വകുപ്പിന്റേത് അനങ്ങാപ്പാറ നയമാണെന്നാണ് ആക്ഷേപം. വേളം പഞ്ചായത്തിൽ കൃഷി ഓഫീസർ ഇല്ലാതായിട്ട് മാസങ്ങളായി. കുറ്റ്യാടി കൃഷി ഓഫീസർക്കാണ് അധിക ചുമതല. രണ്ട് കൃഷി അസിസ്റ്റന്റുമാരാണ് നിലവിൽ വേളം പഞ്ചായത്തിലുള്ളത്. കൃഷി ഓഫീസറെ എത്രയും പെട്ടെന്ന് നിയമിക്കണമെന്നും കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ സഹായം ഉടൻ നൽകണമെന്നുമാണ് കർഷകരും ആവശ്യം.

'വേളത്തെ ബാധിച്ചിരിക്കുന്ന കാർഷിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം'.

കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ (പാടശേഖര സമിതി കോ ഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി)​ , കൈതകടയിൽ കുഞ്ഞാലി, എ.കെ.ചിന്നൻ.