കൽപ്പറ്റ: തുടർച്ചയായ വേനൽമഴ തണ്ണിമത്തൻ വിപണിയെ സാരമായി ബാധിച്ചു. കർണാടകയിൽ നിന്ന് വൻ വില നൽകി കൊണ്ടുവന്ന തണ്ണിമത്തൻ വിറ്റഴിക്കാൻ കഴിയാതെ കച്ചവടക്കാർ പ്രതിസന്ധിയിലായി.
കഴിഞ്ഞ വർഷത്തേക്കാൾ കിലോയ്ക്ക് 10 രൂപയോളം കൂടുതലാണ് ഇത്തവണ. കർണാടകയിലെ ഉൽപ്പാദന കുറവാണ് ഇത്തവണ വില ഇത്തരത്തിൽ ഉയരാൻ കാരണം.
റംസാൻ മാസത്തിൽ ഏറ്റവുമധികം വിറ്റുപോകുന്നതാണ് തണ്ണിമത്തൻ. ഇത്തവണ വേനലിൽ ചൂട് ഉയർന്നപ്പോൾ മികച്ച കച്ചവടം പ്രതീക്ഷിച്ചിരുന്നു. എന്നാൽ വേനൽമഴ തുടർച്ചയായി പെയ്യാൻ തുടങ്ങിയതോടെ കച്ചവടം തീരെ ഇല്ലാതായി.
മോശം കാലാവസ്ഥയെ കൊപ്പം തണ്ണിമത്തൻ വില ഉയർന്നതും കച്ചവടത്തെ സാരമായി ബാധിച്ചു. ഡീസൽ വില അടിക്കടി ഉയരുന്നതിനെ തുടർന്ന് ലോറി വാടക വർദ്ധിച്ചതും വില ഉയരാൻ കാരണമാണെന്ന് കച്ചവടക്കാർ പറയുന്നു.