കോഴിക്കോട്: ഇംഹാൻസിൽ പണികഴിപ്പിച്ച 'കളിമുറ്റം' കുട്ടികളുടെ പാർക്ക് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ പുതിയ നിർമാണ പ്രവൃത്തികളെല്ലാം ഭിന്നശേഷീ സൗഹൃദമാണെന്ന് മന്ത്രി പറഞ്ഞു.
റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് കുട്ടികളുടെ പാർക്ക് നിർമിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് പാർക്ക് നിർമിച്ചിട്ടുള്ളത്.
മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്കുള്ള പരിശീലന പുനരധിവാസ പദ്ധതിയായ യൂടേൺ ദ വേ ടു റിക്കവറി പ്രൊജക്ടിലുള്ള ടീ കൗണ്ടർ, സെയിൽസ് കൗണ്ടർ എന്നിവയും ഉദ്ഘാടനം ചെയ്തു.
സോഷ്യൽ സ്‌കിൽ ട്രെയിനിംഗിന്റെ ഭാഗമായി നിർമിച്ച ആർ.എഫ്.പി ടീ കൗണ്ടർ എം.കെ. രാഘവൻ എം.പിയും ആർ.എഫ്.പി സെയിൽ കൗണ്ടർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് ടി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി അസി. ഗവർണർ ഡോ. പി.എൻ. അജിത, കോർപ്പറേഷൻ കൗൺസിലർ ഇ.എം.സോമൻ തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി ക്ലബ് പ്രോഗ്രാം ചെയർമാൻ പി.സി.കെ രാജൻ സ്വാഗതവും ഇംഹാൻസ് ആർ.എഫ്.പി കോ ഓർഡിനേറ്റർ ടി. രേഷ്മ നന്ദിയും പറഞ്ഞു.