സുൽത്താൻബത്തേരി: ഫണ്ടുകൾ തീർന്നതിനാൽ നൂൽപ്പുഴ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി പ്രതിസന്ധിയിലായി. ഇതോടെ പദ്ധതിപ്രകാരം വീട് നിർമാണം ആരംഭിച്ച ഗോത്രകുടുംബങ്ങളും ദുരിതത്തിലായി.
2020-21 സാമ്പത്തിക വർഷത്തെ ലൈഫ് ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേർക്കും ഫണ്ട് ലഭിക്കാത്തതിനാൽ വീടിന്റെ നിർമാണം പൂർത്തിയാക്കാനായില്ല. വനത്താൽ ചുറ്റു്‌പ്പെട്ടുകിടക്കുന്ന നൂൽപ്പുഴ പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾ ഏറെയും ഗോത്രവിഭാഗക്കരാണ്. വിവിധ ഘട്ടങ്ങളിൽ നിൽക്കുന്ന വീടുകളുടെ ഗഡു തുകകൾക്കായി ഓഫീസുകൾ കയറി ഇറങ്ങി മടുത്തിരിക്കുകയാണ് ഇവർ.
കല്ലൂർ തിരവണ്ണൂർ കോളനിയിൽ മാത്രം തറപ്പൊക്കം, ചുമർകെട്ടിയത്, ലിന്റൽ വാർപ്പ് കഴിഞ്ഞത് അങ്ങനെ വിവിധ ഘട്ടങ്ങളിൽ നിൽക്കുന്ന 20 വീടുകളാണ് ഉള്ളത്. ഫണ്ടില്ലാത്തതിനാൽ അഞ്ചരമാസമായി തുടർ നിർമ്മാണ പ്രവർത്തികൾ ഒന്നും നടന്നിട്ടില്ല. പഴയന വീടുകൾ പൊളിച്ച് അതേസ്ഥാനത്താണ് പുതിയ വീടുകൾ നിർമ്മിക്കുന്നത്. അതിനാൽ തന്നെ ഈ കുടുംബങ്ങളിപ്പോൾ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി കൂരയാക്കി അതിലാണ് കുട്ടികളടക്കം കഴിയുന്നത്. ശക്തമായ മഴയിൽ ഇവ ചോർന്നൊലിക്കുന്നുമുണ്ട്.
നിർമാണ സാമഗ്രികൾക്ക് അനുദിനം വിലയുയരുന്നതും ഗുണഭോക്താക്കൾക്ക് ഇരുട്ടടിയായി. പണം ലഭിക്കുമെന്ന വിശ്വാസത്തിൽ പലരും പലിശയ്ക്ക് കടമെടുത്തും, സാധനങ്ങൾ കടമായി വാങ്ങിയുമൊക്കെയാണ് വീടു പണി നടത്തിക്കൊണ്ടിരുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവർ.
275 പട്ടിക വർഗ കുടുംബങ്ങളും 20 പട്ടിക ജാതി കുടുംബങ്ങളുമാണ് നൂൽപ്പുഴ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾ. 110 പേർ വീടുകളുടെ മുഴുവൻ പണികളും പൂർത്തീകരിച്ചെങ്കിലും ആകെ മൂന്ന് കുടുംബങ്ങൾക്ക് മാത്രമാണ് മുഴുവൻ തുകയും ലഭിച്ചത്. ലൈഫ് പദ്ധതിയിൽ പട്ടിക വർഗ വിഭാഗങ്ങൾക്ക് ആറ് ലക്ഷവും, പട്ടിക ജാതി, ജനറൽ വിഭാഗങ്ങൾക്ക് നാല് ലക്ഷവുമാണ് നൽകുന്നത്.
ലൈഫ് പദ്ധതിയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭ്യമായ പ്ലാൻ ഫണ്ടും, സംസ്ഥാന സർക്കാരിന്റെ വിഹിതവും, ട്രൈബൽ വകുപ്പിൽനിന്നുള്ള വിഹിതവും മാസങ്ങൾക്ക് മുമ്പേ തീർന്നു. ഡിസംബറിന് ശേഷം ഒരു തുകയും വന്നിട്ടില്ലെന്നാണ് വിവരം.
സംസ്ഥാന സർക്കാർ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെയുആർഡിഎഫ്സി) മുഖേന ഹഡ്‌കോയിൽനിന്ന് വായ്പ ലഭ്യമാക്കിയിരുന്നു. ഈ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം കൈമാറുകയാണ് ചെയ്യുക. ഇതിനായി തദ്ദേശ സ്ഥാപനങ്ങളും കെയുആർഡിഎഫ്സിയുമായി കരാറുണ്ടാക്കണം. മാർച്ച് 25ന് മുമ്പ് ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നൂൽപ്പുഴ പഞ്ചായത്തിൽ നിന്ന് രേഖകൾ അയയ്ക്കുന്നതിൽ കാലതാമസമുണ്ടായി. എന്നാൽ ഫണ്ട് തീർന്നതിനാലാണ് തുക വിതരണം ചെയ്യാൻ താമസമെടുക്കുന്നതെന്നും വായ്പയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണന്നും നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് പറഞ്ഞു.