പുൽപ്പള്ളി: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്സിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇവർ പറഞ്ഞു.

മുൻ ബാങ്ക് പ്രസിഡന്റായ കോൺഗ്രസ് നേതാവിന്റെയും സെക്രട്ടറി ഉൾപ്പെടെയുള്ള ചില ജീവനക്കാരുടെയും നേതൃത്വത്തിലാണ് തങ്ങൾ പണയംവച്ച് വായ്പയെടുത്ത വസ്തുവിന്റെ ഈടിൽ തങ്ങളറിയാതെ വൻ തുക വായ്പ പാസ്സാക്കി പണം തട്ടിയതെന്ന് ഇവർ ആരോപിച്ചു. ഏഴ് കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതിൽ 1.64 കോടി രൂപ സജീവൻ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലൂടെ തെളിഞ്ഞതായും ഇവർ പറഞ്ഞു.
വായ്പാതുകയും പലിശയും അടയ്ക്കാൻ കോടതിയും ആവശ്യപ്പെട്ടിരിക്കയാണ്. തങ്ങളുടേതല്ലാത്ത കുറ്റത്താൽ ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഈ ബാധ്യതമൂലം ആത്മഹത്യയിലേക്ക് തള്ളിവിട്ടാൽ അതിന്റെ ഉത്തരവാദിത്വം തട്ടിപ്പ് നടത്തിയവർക്കായിരിക്കും എന്നും ഈ വിഷയം ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സജി കള്ളിക്കൽ, സുബി ഊഞ്ഞാലപ്പറമ്പിൽ, രഞ്ജിത്ത് കിഴക്കേവീട്ടിൽ, ഗോപാലൻ വേങ്ങക്കല്ലിൽ, ഡാനിയേൽ പറമ്പേക്കാട്ട്, രാജേന്ദ്രൻ നായർ കിഴക്കേ ഇടയിലാത്ത് എന്നിവർ പങ്കെടുത്തു.