riyas
കേരള ഒളിമ്പിക് അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ്‌ ഫോട്ടോ വണ്ടി പര്യടനം പയ്യോളി യിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൂടുതൽ കായികമേളകൾ സംഘടിപ്പിക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് : കേരള ഒളിമ്പിക് അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ്‌ ഫോട്ടോ വണ്ടി പര്യടനം തുടങ്ങി. പയ്യോളി ബസ്‌സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫോട്ടോ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.

കേരളത്തിന്റെ കായികചരിത്രത്തിൽ അടയാളപ്പെടുത്തിയ കായിക താരങ്ങളുടെ വേറിട്ട പോരാട്ടങ്ങളെ ഓർമ്മിപ്പിക്കുന്നതിന് ഈ യാത്ര സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കായിക താരങ്ങളെ വാർത്തെടുത്ത് കായികമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാനാണ്‌ കേരള ഒളിമ്പിക് അസോസിയേഷൻ പ്രഥമ കേരള ഗെയിംസ്- 2022 സംഘടിപ്പിക്കുന്നത്.

മേയ് ഒന്ന് മുതൽ പത്ത് വരെ തിരുവനന്തപുരത്ത് പതിനായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്. ആദ്യമായാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സിന്റെ മാതൃകയിൽ ഒരു കായികമേള സംഘടിപ്പിക്കുന്നത്. കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എല്ലാ വർഷവും ഇത്തരം കായികമേളകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യോളിയിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പര്യടനം 13 ദിവസം കൊണ്ട്‌ സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ഈ മാസം 28ന് തിരുവനന്തപുരത്ത്‌ സമാപിക്കും. കേരള കായികരംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതൽ, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റതാരം ഒളിമ്പ്യൻ പി.ടി. ഉഷയുടെ ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിൽ ഒഴിച്ചു നിറുത്താൻ കഴിയാത്ത ഒരു പിടിതാരങ്ങളുടെ അപൂർവ ചിത്രങ്ങളും പ്രദർശനത്തിൽഉൾപ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റചിത്രങ്ങൾ പകർത്തിയ പത്ര ഫോട്ടോഗ്രാഫർമാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവർത്തക യൂണിയൻ, കേരള ഒളിമ്പിക് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദർശന പര്യടനം സംഘടിപ്പിച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.

ഒളിമ്പ്യൻ പി.ടി. ഉഷ, കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, കോഴിക്കോട് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്‌കെ. ടി. ജോസഫ് , ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. സത്യൻ, പയ്യോളി മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ വടക്കേയിൽ ഷഫീക് എന്നിവരും മറ്റു പ്രമുഖരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഡോ. റോയ്‌ ജോണി സ്വാഗതം പറഞ്ഞു.