കുറ്റ്യാടി: കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തനം പാതിവഴിയിലാക്കിയതിലെ ദുരൂഹത വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു. കുറ്റ്യാടി തൊട്ടിൽ പാലം ഉൾപെടെയുള്ള ഭാഗങ്ങളിലെ ഓവ്ചാലിന്റെയും ,നടപ്പാതയുടെയും നവീകരണ പ്രവർത്തനം ഇഴഞ്ഞ് നീങ്ങുന്നതിനാൽ ജനങ്ങൾ നടന്ന് പോകാൻ ഇടമില്ലാതെ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച ഓവ്ചാൽ പരിഷ്കരണമാണ് എങ്ങുമെത്താതെ നീളുന്നത്. കുറ്റ്യാടി ടൗൺ വികസന പ്രവർത്തനവുമായി ബന്ധപെട്ട് ഓവ് ചാലുകൾ ശുചീകരണം നടത്തി പരിഷ്കരിച്ച നടപ്പാതയും കൈവരിയും നിർമ്മിക്കാനായി അന്നത്തെ എം.എൽ.എ പാറക്കൽ അബ്ദുള്ള സർക്കാറിൽ സമ്മർദ്ദം നിർമ്മാണ പ്രവർത്തനത്തിനായി 2 കോടി അനുവദിച്ചിരുന്നു. ഒരു വർഷം കൊണ്ട് ഓവ് ചാലുകൾ നിർമ്മാണം പൂർത്തികരിക്കേണ്ടതായിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനത്തിന്റെ അപാകത കാരണം പണി പൂർത്തിയാകാതെ നീളുകയാണ്. പാതിയിലായ ഓവ് ചാലുകളിൽ പുതുമഴ പെയ്തിറങ്ങി വെള്ളം കെട്ടിക്കിടക്കുകയുമാണ്. നിർമ്മാണ പ്രവർത്തനം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുരേഷ് പറഞ്ഞു.