പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണ നൽകണമെന്ന ആവശ്യം ശക്തമാവുന്നു. പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ, ചങ്ങരോത്ത്, നൊച്ചാട്, കായണ്ണ, ചെറുവണ്ണൂർ, മേപ്പയ്യൂർ പ്രദേശങ്ങളിലെ ആയിരക്കണക്കിന് സാധാരണ ജനങ്ങളുടെ ഏകാശ്രയമാണ് ഇത്. വർഷങ്ങൾക്ക് മുമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പദവി ലഭിക്കുകയും പിന്നീട് താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെടുകയും ചെയ്തെങ്കിലും താലൂക്ക് ആശുപത്രിയ്ക്ക് വേണ്ട കെട്ടിടങ്ങളോ സൗകര്യങ്ങളോ സ്‌പെഷലിസ്റ്റ് ഡോക്ടർമാരോ അനുബന്ധ ജീവനക്കാരോ ഇവിടെയില്ല. താലൂക്ക് ആശുപത്രികളിൽ ഒരു ഡിപ്പാർട്ട്മെന്റിൽ മൂന്ന് ഡോക്ടർമാരെങ്കിലും വേണമെന്നാണ്. എന്നാൽ ഇത് ഇവിടെ പലപ്പോഴും പാലിക്കപ്പെടുന്നില്ല. പല വൈകുന്നേരവും നാല് കഴിഞ്ഞാൽ പിന്നെ ഫാർമസിയിൽ ജീവനക്കാർ ഉണ്ടാവില്ല. ആകെ ഉള്ളത് ഒരു താത്കാലിക സ്റ്റാഫ് മാത്രമാണ്. ഇതോടെ രോഗികൾ സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ടേ അവസ്ഥയാണ്. ഇ.സി.ജി, എക്സ്റേ വിഭാഗങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. നേരത്തെയുണ്ടായിരുന്ന പ്രസവ വിഭാഗം ഇപ്പോൾ വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വകുപ്പിന് അനുബന്ധമായി വേണ്ട സർജറി, അനസ്തേഷ്യ, പീഡിയാട്രീഷൻ, ഓർത്തോ, മെഡിസിൻ, എമർജൻസി കെയർ, ട്രോമ എന്നിവിടങ്ങളിൽ മിനിമം രണ്ട് ഡോക്ടർമാരെയും ആവശ്യത്തിന് നഴ്സുമാരെയും സ്ഥിര നിയമനം നടത്തിയാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റു പല പദ്ധതികളും വിഭാവനം ചെതെങ്കിലും പലതും യാഥാർത്ഥ്യമായില്ല. ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ ഒരു കെട്ടിടം പണിയാൻ കിഫ്ബിയിൽ നിന്നും 77 കോടി രൂപ സാങ്കേതിക അനുമതിയായെങ്കിലും ഭരണാനുമതി നേടിയെടുക്കാൻ വേണ്ട സമ്മർദ്ദമോ നീക്കങ്ങളോ ഉണ്ടാവുന്നില്ലെന്ന ആരോപണമുണ്ട് . ആവശ്യത്തിന് ഡോകരമാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ച് ആശുപത്രിക്ക് കൂടുതൽ വികസനം സാധ്യമാക്കണമെന്ന് കിഴക്കൻ പേരാമ്പ്ര എ.പി.ജെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു .