സുൽത്താൻ ബത്തേരി: വള്ളുവാടി മേഖലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന കാട്ടാനകളുടെ ശല്യം കാരണം കർഷകർ പൊറുതി മുട്ടി. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകൂട്ടം കണ്ണിൽകണ്ടതെല്ലാം നശിപ്പിച്ച് കൃഷിയിടത്തിൽ തന്നെ നിലയുറപ്പിക്കുകയാണ്. തെങ്ങ്, വാഴ, കമുക് തുടങ്ങിയവയാണ് തിന്നും പിഴുതും, നശിപ്പിക്കുന്നത്. പതിനായിരങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുന്നത്.
കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ കർഷകരായ വട്ടപ്പാറയിൽ തോമസ്, കുഴിക്കണ്ടത്തിൽ ഹരിദാസ്, പാൽപ്പാത്ത് ബേബി എന്നിവരുടെ വാഴ, കമുക്, തെങ്ങ് തുടങ്ങിയ വിളകൾ നശിപ്പിച്ചു. ആനശല്യം രൂക്ഷമായതിനെ തുടർന്ന് ആയിരങ്ങൾ മുടക്കി കർഷകർസ്വന്തം നിലയിൽ കൃഷിയിടത്തിന് ചുറ്റും ഫെൻസിംഗ് സ്ഥാപിച്ചിരുന്നു. ഫെൻസിങ്ങിന് മുകളിൽ മരം മറിച്ചിട്ടും വൈദ്യുത കണക്‌ഷൻ വിച്ഛേദിച്ചുമാണ് കാട്ടാന കൃഷിയിടത്തിലേക്ക് എത്തുന്നത്.
സന്ധ്യയാകുന്നതോടെ ആനക്കൂട്ടം വനത്തിൽ നിന്ന് നേരെ കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്. ഇവയെ തിരികെ വനത്തിലേക്ക് തന്നെ ഓടിച്ചുവിടാൻ ശ്രമിച്ചാൽ കർഷകരെ ആക്രമിക്കാനായി ആന പാഞ്ഞടുക്കും. ഇത് കാരണം ആന വിളകൾ തിന്നു നശിപ്പിക്കുന്നത്‌നോക്കി നിൽക്കാൻ മാത്രമെ കർഷകർക്ക് കഴിയൂ. സന്ധ്യയോടെ കൃഷിയിടത്തിലെത്തുന്ന ആനക്കൂട്ടം പലപ്പോഴും പകൽ സമയങ്ങളിലും കൃഷിയിടത്തിൽ തന്നെ നിലയുറപ്പിക്കുകയാണ്.
കാട്ടാന എത്തിയ വിവരം വനം വകുപ്പിനെ അറിയിച്ചാലും ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് കർഷകരുടെ പരാതി. എന്നാൽ അക്രമകാരിയായ ആനകൾ കൃഷിയിടത്തിലിറങ്ങുമ്പോൾ അതിനെ തിരികെ വനത്തിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളില്ലാത്തതാണ് കാരണമത്രെ. പതിറ്റാണ്ടുകളായിട്ടുള്ള കർഷകരുടെ അദ്ധ്വാനമാണ് ഒറ്റ രാത്രികൊണ്ട് കാട്ടാനകൾ ഇല്ലാതാക്കുന്നത്.