സുൽത്താൻ ബത്തേരി: വിഷുവിന്റെ ആഘോഷവും ഈസ്റ്ററിനെ വരവേൽക്കാനുള്ള ഒരുക്കവുമായി ആളുകൾ പട്ടണങ്ങളിലേക്ക് കൂട്ടമായി എത്തിയതോടെ ബത്തേരി പട്ടണം ഇന്നലെ ഗതാഗതകുരുക്കിലായി. മണിക്കൂറുകളോളം പട്ടണത്തിൽ ഗതാഗത തടസമുണ്ടായി. ആളുകളെല്ലാം വാഹനങ്ങളുമായി എത്തിയതാണ് ഗതാഗതകുരുക്ക് മണിക്കൂറുകളോളം നീളാൻ ഇടയാക്കിയത്. ഇന്നലെ കാലത്ത് മുതൽ അനുഭവപ്പെട്ട ഗതാഗതകുരുക്ക് വൈകുന്നേരം വരെയും തുടർന്നു.
വിഷു ആഘോഷവുമായി ബന്ധുവീടുകളിലേക്കും മറ്റും പോകുന്നവരും, ഉല്ലാസയാത്രയ്ക്കായി ഇറങ്ങിയവരും, ഈസ്റ്റർ ആഘോഷിക്കാൻ സാധനങ്ങളും മറ്റും വാങ്ങാനെത്തിയവരും എത്തിയതാണ് തിരക്ക് വർദ്ധിക്കാനിടയാക്കിയത്. റോഡിന് ഉൾകൊള്ളാൻ കഴിയുന്നതിലധികം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. ബത്തേരി കോട്ടക്കുന്ന് മൈസൂർ റോഡ് ജംഗ്ഷൻ മുതൽ അസംപ്ഷൻ ജംഗ്ഷൻവരെ പൂർണമായും ഗതാഗത കുരുക്കിലമർന്നു. പൊലീസ് മണിക്കൂറുകൾ പണിപ്പെട്ടാണ് കുരുക്ക് അൽപ്പമെങ്കിലും ഒഴിവാക്കി വാഹനങ്ങൾ കടത്തിവിട്ടത്.