നടവയൽ: ഈസ്റ്റർ പൂവെന്നറിയപ്പെടുന്ന ലില്ലിപ്പൂക്കൾ വരിവരിയായ് നിന്ന് അതിഥികളെ സ്വീകരിക്കുന്ന ഒരു വീടുണ്ട് നടവയലിനടുത്ത് ചീങ്ങോട്. വരദൂർ സ്കൂളിലെ അദ്ധ്യാപകരായ ജോൺസൺന്റേയും മിനിയുടേയും വീട്ടിലേയ്ക്കുള്ള വഴിയിലാണ് ഓറഞ്ച് നിറമുള്ള പൂക്കളുടെ ഈ വർണ്ണക്കാഴ്ച.
ഗേറ്റിൽ നിന്ന് വീട്ടുമുറ്റത്തേയ്ക്ക് അഞ്ഞൂറ് മീറ്ററോളം നീളുന്ന വഴിയുടെ വശങ്ങളിലായാണ് ഇവർ ലില്ലി പൂച്ചെടികൾ നട്ട് പിടിപ്പിച്ചിട്ടുള്ളത്. വർഷങ്ങൾ നീണ്ട പരിശ്രമവും അദ്ധ്വാനവും ഇതിനു പിന്നിലുണ്ട്. ബൈബിളിൽ പല ഇടങ്ങളിലും ആവർത്തിച്ച് വർണ്ണിച്ചിട്ടുള്ള പൂവാണ് വെളുത്ത ലില്ലി പൂക്കൾ. യേശു ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണമായും ഈ പൂക്കൾ ബന്ധപ്പെട്ട് നിൽക്കുന്നു.
വയനാട്ടിൽ, 'കാട്ടുള്ളി' എന്നറിയപ്പെടുന്ന ചെടിയാണിത്. കാട്ടുള്ളി ഒരു ഔഷധം കൂടിയാണെന്ന് പടിഞ്ഞാറത്തറയിലെ വിത്ത് സംരക്ഷകനായ അബ്ദുള്ള ഹാജി പറയുന്നു. കാഴ്ചയിൽ ഉള്ളി പോലെ തോന്നുന്ന, മണ്ണിനടിയിലുളള ഭാഗമാണ് മരുന്നായുപയോഗിക്കുക. കാലിൽ ആണി രോഗമുള്ളവർ ചുട്ടെടുത്ത കാട്ടുള്ളിയിൽ ചവിട്ടിയാൽ രോഗ ശമനമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ അനുഭവം.
വേനൽ മഴ പെയ്ത് തുടങ്ങുന്നതോടെ മിക്കയിടങ്ങളിലും ഈ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാം. പറമ്പുകളിലും തോട്ടങ്ങളിലും മാത്രമല്ല കാട്ടിലും ഈ പൂക്കൾ ധാരാളമായുണ്ട്. പക്ഷേ ഇത്ര ഭംഗിയിൽ ലില്ലി പൂത്ത് നിൽക്കുന്നത് ചീങ്ങോട് മാത്രം കാണാനാവുന്ന കാഴ്ചയാണ്.