news
കെ.പി പവിത്രൻ

കുറ്റ്യാടി: കാക്കുനി നമ്പാംവയൽ പുതുക്കുടി റോഡ് നിർമ്മാണം ഇഴയുന്നു,​ ജനങ്ങൾ ദുരിതത്തിൽ. വേളം പഞ്ചായത്തിലെ ജനസംഖ്യയിൽ പകുതി യോളംപേർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. എന്നാൽ രണ്ടുവർഷത്തി ലേറെയായി റോഡിൽ നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ കയറ്റിവിടാത്തത് പ്രദേശ വാസികളെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.

2012-ലാണ് 2.16 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൊതു മരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്. തുടർന്ന് ബി.എം. ആൻഡ് ബി.സി. പദ്ധതിയിൽ ഉൾപ്പെടുത്തി പരിഷ്ക്കരണത്തിനായി ആദ്യം ഒരു കോടി 20 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. പിന്നീട് റോഡ് വീതികൂട്ടി ടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് രണ്ടുകോടി 90 ലക്ഷം രൂപയുടെ അനുമതിക്കായി സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും സംയുക്തയോഗം വിളിക്കുകയും ചെയ്തു. റോഡിന് വീതികൂട്ടുന്ന പ്രവൃത്തി തൊ ണ്ണൂറുശതമാനവും പൂർത്തീകരിച്ചെങ്കിലും ചുരുക്കം ചിലർ സ്ഥലം വിട്ടുകൊടുക്കാൻ താൽപര്യപ്പെടാത്തത് മൂലം റോഡ് പ്രവൃത്തി അനന്തമായി നീളുകയാണ്.

റോഡിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് രാഷ്ടീയ പാർട്ടികളുടെ നേതൃത്വത്തിൽ സമരങ്ങൾ നടത്തിയിരുന്നു.

നൂറുകണക്കിന്ന് വാഹനങ്ങളും നിരവധി കാൽനട സഞ്ചാരികളും കടന്ന് പോകുന്ന റോഡിലൂടെയുള്ള യാത്ര ദിവസം കൂടും തോറും ദുസ്സഹമായി മാറുകയാണ്. എത്രയും വേഗം റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം

"വേളം പഞ്ചായത്തിലെ ചേരാപുരം മേഖലയിലെ പ്രധാന ലിങ്ക് റോഡായ ഈ റോഡിന്റെ നവീകരണം പൂർത്തീകരിച്ചാൽ തൊട്ടടുത്ത കാക്കുനി ടൗണിന്റെ വികസനത്തിന്ന് കാരണമാവും, നാടിന്റെ പൊതുതാൽപര്യം മുൻനിർത്തി എല്ലാവരും സഹകരിച്ച് റോഡ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കണം." കെ.പി പവിത്രൻ പൊതു പ്രവർത്തകൻ