വടകര: അഴിയൂർ മിനി സ്റ്റേഡിയം പഞ്ചായത്തിന്റേതായി നിലനിർത്തണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. അഴിയൂർ ഗ്രാമപഞ്ചായത്തിലെ ചോമ്പാൽ മൈതാനത്തിന്റെ 3 ഏക്കർ 68 സെന്റ് സ്ഥലം പഞ്ചായത്തിന്റെ കൈവശമാണുള്ളത്. സ്റ്റേഡിയത്തിന്റെ 30 സെന്റ് സ്ഥലം ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്നുണ്ട്. എന്നാൽ നഷ്ടപ്പെടുന്ന ഭൂമിയുടെ അവകാശികളെന്ന വ്യാജേന ചിലർ രംഗത്ത് വരുന്ന സാഹചര്യമാണുള്ളത്. നിലവിലെ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി നഷ്ടപ്പെടാതിരിക്കാൻ അടിയന്തിരമായി സർവകക്ഷി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കണമെന്ന് എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിന് കത്ത് നല്കി. എൽ.ഡി.എഫ് കൺവീനർ എം.പി ബാബു, പി വാസു , കെ.വി രാജൻ, കെ പി പ്രമോദ്, മുബാസ് കല്ലേരി എന്നിവർ പങ്കെടുത്തു.