വൈത്തിരി: തളിമലയിൽ ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങി. ചൊവ്വാഴ്ച രാവിലെ തളിമല എസ്റ്റേറ്റിന്റെ തേയിലത്തോട്ടത്തിലാണ് തൊഴിലാളികൾ രണ്ടു കടുവകളെ കണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് കടുവകളെ കാണുന്നത്. വളർത്തുമൃഗങ്ങളെ ഉൾപ്പെടെ കടുവ ആക്രമിച്ചിട്ടും കടുവയെ പിടികൂടാൻ നടപടിയില്ലെന്ന് നാട്ടുകാരുടെ പരാതി.

തളിമല വീട്ടിക്കുന്ന് വാട്ടർ ടാങ്കിന് സമീപത്തായാണ് കടുവകളെ കണ്ടത്. കടുവകൾ സ്വൈര്യ വിഹാരം നടത്തുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ മൊബൈലിൽ പകർത്തി. കഴിഞ്ഞ ദിവസവും പ്രദേശവാസികൾ കടുവയെ കണ്ടിരുന്നു.
തളിമല വേങ്ങാക്കോട് ഐശ്വര്യ ഭവനിൽ സുനിലിന്റെ കറവപ്പശുവിനെ കഴിഞ്ഞദിവസം കടുവ കൊന്നിരുന്നു. പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പശുവിന്റെ പാതി ഭക്ഷിച്ച ജഡം കണ്ടെത്തിയത്.

പകൽ സമയം പോലും കടുവ ഇറങ്ങാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലായി.

കടുവകൾ ചെമ്പ്ര വനമേഖലയിൽ നിന്ന് എത്തിയതാകാമെന്നാണ് നിഗമനം. തോട്ടം തൊഴിലാളികൾ ആശങ്കയോടെയാണ് ജോലിക്ക് പോകുന്നത്.

കടുവയെ കണ്ട പ്രദേശങ്ങളിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. രണ്ടുവർഷം മുൻപ് പ്രദേശവാസികൾ ഇവിടെ ഒരു കടുവയെ കണ്ടിരുന്നു. എന്നാൽ പിന്നീട് ഈ പ്രദേശത്ത് ഈ അടുത്ത കാലത്ത് മാത്രമാണ് കടുവകളെ കാണാൻ തുടങ്ങിയത്.