കൽപ്പറ്റ: ഫാഷൻ റൺവേ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിൽ ആദ്യമായി ജൂനിയർ മോഡൽ ഇന്റർനാഷണൽ ഫാഷൻ ഷോയുടെ ഓഡിഷൻ ഈ മാസം 24ന് ബത്തേരിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫാഷൻ റൺവേ ഇന്റർനാഷണൽ രണ്ട് പതിറ്റാണ്ടിലേറെയായി മേഖലയിൽ സജീവമാണ്. 50ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ജൂനിയർ മോഡൽ ഇന്റർനാഷണലിന്റെ (ജെ.എം.ഐ) ഓഡിഷനാണ് വയനാട്ടിൽ നടക്കുന്നത്.
24ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തവും 75 ഓളം പങ്കാളികളും ഉള്ള കിഡ്സ് ഫാഷനും ലോകത്തിലെ ഏറ്റവും വലിയ ഇവന്റായി അറിയപ്പെടുന്നു. മുൻ വേൾഡ് ഫിനാലെ ഇവന്റുകൾ ദുബായിയിലാണ് നടന്നത്.

മെയ് 26 മുതൽ 28 വരെ നടക്കുന്ന ജെ.എം.ഐ ഇന്ത്യൻ ഫൈനലുകളുടെ ആറാം സീസൺ കൊച്ചിയിൽ ഫാഷൻ റൺവേ ഇന്റർനാഷണൽ സംഘടിപ്പിക്കും. ഗ്രാൻഡ് ഫിനാലെയ്ക്ക് മുമ്പ് ഇന്ത്യയിലെ 20 നഗരങ്ങളിൽ ഓഡിഷനുകൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി കോഴിക്കോട്, കൊച്ചി, വയനാട്, തൃശൂർ, തിരുവനന്തപുരം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ കേരള ഓഡിഷനുകൾ നടക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അമൽദാസ്, സോജൻ ജോൺസൺ, അനോൺ ദേവരാജ് എന്നിവർ പങ്കെടുത്തു.