കൽപ്പറ്റ: പ്രളയകാലത്ത് തകർന്ന നടപ്പാലം പുനർനിർമ്മിക്കാൻ നടപടിയില്ല. കൽപ്പറ്റ നഗരസഭയിലെ 19, 22 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുഴലി നടപ്പാലമാണ് നാലുവർഷമാകുമ്പോഴും തകർന്ന നിലയിൽ കിടക്കുന്നത്. 2018ലെ പ്രളയത്തിലാണ് പാലം തകർന്നത്. പെരിന്തട്ട സ്‌കൂളിലേക്കുള്ള വിദ്യാർത്ഥികളും മിൽമ പ്ലാന്റിലേക്കുള്ള തൊഴിലാളികളും യാത്രയ്ക്ക് ആശ്രയിച്ചിരുന്ന പാലമായിരുന്നു ഇത്.
എന്നാൽ തകർന്ന പാലത്തിന് പകരം താൽക്കാലിക നടപ്പാലം പോലും നിർമ്മിക്കാൻ ഇതുവരെയും നഗരസഭാ അധികൃതർക്ക് കഴിഞ്ഞില്ല.

നാല് അടി വീതിയിൽ ഉണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലമാണ് തകർന്നത്. വലിയ മരം ഒഴുകി വന്ന് പാലത്തിൽ ഇടിക്കുകയായിരുന്നു. കാലപ്പഴക്കം ഉണ്ടായിരുന്ന പാലം ഇതോടെ നിലംപൊത്തി. ഇപ്പോൾ പുഴയിലൂടെ നടന്നാണ് ആളുകൾ അക്കരെയിക്കരെ എത്തുന്നത്. പുഴയിൽ വെള്ളം ഉയർന്നാൽ പിന്നീട് കിലോമീറ്ററുകൾ ചുറ്റി വേണം മറുകരയെത്താൻ. എത്രയും വേഗം പാലം പുനർനിർമ്മിക്കാൻ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.