നായ്‌ക്കെട്ടി: നൂൽപ്പുഴ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഭരണ സമിതി അട്ടിമറിച്ചെന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളായ ആദിവാസികളുൾപ്പെടെയുള്ളവർ അതിരാവിലെ തന്നെ എത്തിയാണ് ഓഫീസ് ഉപരോധിച്ചത്. ഉപരോധസമരത്തെ തുടർന്ന് പഞ്ചായത്ത് ഓഫീസ് ഉച്ചവരെ പ്രവർത്തിച്ചില്ല. എസ്.ടി ഗുണഭോക്താക്കളുൾപ്പെയുള്ളവർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന് വേണ്ട നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്നും ഇതിനുവേണ്ട ഫണ്ട് വകയിരുത്തുമെന്നും ഭരണസമിതി നൽകിയ ഉറപ്പിന്മേലാണ് സമരം ഉച്ചയോടെ അവസാനിപ്പിച്ചത്.
ലൈഫ് ഭവനപദ്ധതിയിൽ ആദിവാസി കുടുംബങ്ങളുടെ വീട് നിർമ്മാണത്തിനാവശ്യമായ ഫണ്ട് ലഭിക്കുന്നതിന് വേണ്ട രേഖകൾ ധനകാര്യ സ്ഥാപനങ്ങളിൽ കൃത്യസമയത്ത് ഹാജരാക്കാതെ, സർക്കാരിനെ കുറ്റപ്പെടുത്തി പദ്ധതി അട്ടിമറിക്കാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഉപരോധ സമരം നടത്തിയത്. കേരള അർബ്ബൻ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് വായ്പയെടുക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നെങ്കിലും രേഖകൾ മാർച്ച് 25-നകം സമർപ്പിക്കണമെന്ന സർക്കാർ നിർദേശം ഭരണസമിതി അവഗണിച്ച് പദ്ധതി അട്ടിമറിക്കാനാണ് നീക്കം നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു.
രാവിലെ 7 മണിയോടെ സി.പി.എം.പ്രവർത്തകരുടെ നേതൃത്വത്തിൽ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുൾപ്പെടെയുള്ളവർ പ്രകടനമായി എത്തി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. ഉപരോധം സൃഷ്ടിച്ച സമരക്കാരെ മറികടന്ന് ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ ജീവനക്കാർക്കോ മെമ്പർമാർക്കോ സാധിക്കുമായിരുന്നില്ല. സമരം അവസാനിപ്പിച്ചതിന് ശേഷം ഉച്ചയോടെയാണ് ഓഫീസ് തുറന്ന് പ്രവർത്തിച്ചത്.
സമരം സിപിഎം ബത്തേരി ഏരിയ സെക്രട്ടറി പി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.എൻ.രവി അദ്ധ്യക്ഷത വഹിച്ചു. ബേബി വർഗീസ്, ബിന്ദു മനോജ്, ശശീന്ദ്രൻ, മനോജ് അമ്പാടി, ടി.കെ.ശ്രീജൻ, കെ.എൻ.എബി, ബിജു കാക്കത്തോട്, കെ.പി.ബൈജു എന്നിവർ സംസാരിച്ചു.