സുൽത്താൻ ബത്തേരി: കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ കാട്ടാന ഇരട്ടക്കുട്ടികൾക്ക് ജന്മമേകി. ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ പഴയ റിസപ്ഷൻ കേന്ദ്രത്തിന് സമീപത്തായാണ് ഇരട്ടകുട്ടികളോടൊപ്പം മേയുന്ന കാട്ടാനയെ വനത്തിൽ സവാരിക്ക് പോയ സഞ്ചാരികൾ കണ്ടത്. സമീപത്ത് തന്നെ കുട്ടികൾക്ക് സംരക്ഷണം ഒരുക്കികൊണ്ട് കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്.
കാട്ടാന ഇരട്ട പ്രസവിക്കുന്നത് അത്യപൂർവ്വമല്ലെങ്കിലും സമീപകാലത്തൊന്നും ആന ഇരട്ട പ്രസവിച്ചതായി അറിവില്ലെന്ന് ബന്ദിപ്പുരയിലെ വനപാലകർ പറഞ്ഞു. തള്ളയാനയോടൊപ്പം കണ്ട കുട്ടികൾ ഇരട്ടകളാണെന്നും, ആന പ്രസവിച്ചിട്ടുണ്ടങ്കിൽ സമീപത്ത് തള്ളയ്ക്കും കുട്ടിക്കും സംരക്ഷണമേകിക്കൊണ്ട് ആനകൂട്ടങ്ങൾ നിലയുറപ്പിക്കാറുണ്ടന്നും ബന്ദിപ്പുരയിലെ കുങ്കിയാനകളുടെ പരിശീലകരായ പാപ്പാന്മാരും പറയുന്നു.
ബന്ദിപ്പുരയിൽ കാണപ്പെട്ട തള്ളയാനയ്ക്കും കുട്ടികൾക്കും ആരോഗ്യ പ്രശ്നങ്ങളൊന്നും പ്രത്യക്ഷത്തിൽ കാണാനില്ലെന്ന് ഇതിനെ നിരീക്ഷിച്ചുവരുന്ന വനപാലകർ വ്യക്തമാക്കി. തള്ളയാനയ്ക്കും കുട്ടികൾക്കും സ്വൈര്യ വിഹാരം നടത്താനുള്ള സാഹചര്യമൊരുക്കുമെന്ന് ടൈഗർ റിസർവ്വ് ഡയറക്ടർ രമേഷ്‌കുമാർ പറഞ്ഞു.