കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബീച്ചിൽ നടന്ന മാജിക്ക് ഷോ കാണികളിൽ ആവേശം തീർത്തു. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂരാണ് കൺകെട്ടു വിദ്യകളിലൂടെ കാണികളെ കയ്യിലെടുത്തത്. ശൂന്യതയിൽ നിന്നും പ്രാവുകളെയും വർണ്ണാഭമായ പൂക്കളെയും പുറത്തെടുത്തതോടെ കാഴ്ചക്കാരിൽ നിന്നും കരഘോഷങ്ങൾ ഉയർന്നു.

ഒഴിഞ്ഞ പേപ്പർകവറിൽ നിന്നും പലനിറങ്ങളിലുള്ള പൂക്കൾ, ധരിച്ച കോട്ടിൽനിന്നും പക്ഷികൾ, തൊപ്പിയിൽനിന്നും വർണ കടലാസുകൾ എന്നിങ്ങനെ കണ്ണിന് കുളിർമയേകുന്നതായിരുന്നു മാജിക്ക് ഷോ. സദസ്സിലിരുന്ന കുട്ടികളെക്കൂടി മാജിക്കിന്റെ ഭാഗമാക്കിയതോടെ പരിപാടി ജനകീയമായി. കൊയിലാണ്ടി വിയ്യൂർ സ്വദേശിയായ ശ്രീജിത്ത് മേപ്പയ്യൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനാണ്.