കൽപ്പറ്റ: ചുഴലിയിൽ പുലി പശുവിനെ കൊന്നു. ചുഴലി മാട്ടുമ്മൽ സൈതലവിയുടെ പശുവിനെയാണ് പകൽ പുലി ആക്രമിച്ചത്. ചുഴലിയിൽ ഫാമിന് സമീപം മേഞ്ഞു നടന്ന പശുവിനെയാണ് പുലി ആക്രമിച്ചത്.
നാലുചുറ്റും ആൾതാമസമുള്ള പ്രദേശത്താണ് പട്ടാപ്പകൽ പുലി ഇറങ്ങിയത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു പുലി പശുവിനെ കൊന്നത്. ഡോക്ടറെത്തി പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വൈകിയതിനാൽ ജഡം സംസ്‌കരിക്കാൻ ചൊവ്വാഴ്ച കഴിഞ്ഞിരുന്നില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്ഥലത്തെത്തിയ പുലി പശുവിന്റെ ജഡാവശിഷ്ടങ്ങൾ ഭക്ഷിച്ചു.
ബുധനാഴ്ച പുലർച്ചെ വീണ്ടുമെത്തിയ പുലി ജഡത്തിന്റെ നല്ലൊരുഭാഗം ഭക്ഷിച്ചാണ് മടങ്ങിയത്. ഒന്നിൽ കൂടുതൽ പുലികൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ. കാൽപ്പാടുകൾ പരിശോധിച്ച് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.