കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ബാബു പൊലുകുന്നത്തിനെ തിരഞ്ഞെടുത്തു. മുൻ വൈസ് പ്രസിഡന്റ് കരിം പഴങ്കൽ രാജി വച്ച ഒഴിവിലാണ് ധാരണയനുസരിച്ച് ബാബുവിനെ തിരഞ്ഞെടുത്തത്. ഒൻപതാം വാർഡിൽനിന്നുള്ള കോൺഗ്രസ് പ്രതിനിധിയായ ബാബുവിന്റെ പേര് ഫസൽ കൊടിയത്തൂർ നിർദേശിക്കുകയും ടി.കെ. അബൂബക്കർ പിൻതാങ്ങുകയുമായിരുന്നു. എതിരില്ലാത്തതിനാൽ ബാബു പൊലുകുന്നിനെ തിരഞ്ഞെടുക്കുകയായിരുന്നു. വരണാധികാരി താമരശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ അജിത് ജോൺ തിരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. 16 അംഗ ഭരണസമിതിയിൽ 14 പേരാണ് യു.ഡി.എഫിനും വെൽഫെയർ പാർട്ടിക്കും കൂടി ഉള്ളത്. ഡി. സി. സി. സെക്രട്ടറി സി.ജെ. ആൻ്റണി, കെ.ടി.മൻസൂർ, മജീദ് പുതുക്കുടി, അഷ്റഫ് കൊളക്കാടൻ, സി.ടി. അഹമ്മദ് കുട്ടി, രാമൻ പരപ്പിൽ എന്നിവർ പ്രസംഗിച്ചു.