സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ കൊമ്മഞ്ചേരിയിൽ നിന്ന് ചെതലയത്തെ കൊമ്പൻമൂലയിലേക്ക് പറിച്ചുനട്ട കാട്ടുനായ്ക്ക കുടുംബങ്ങളുടെ നരകതുല്യമായ ജീവിതത്തിന് അറുതിയായില്ല. ഇവരുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് മാറ്റിപാർപ്പിച്ചത്. എന്നാൽ പഴയതിലും പരിതാപകരമായി കാലിതൊഴുത്തിലായി താമസം.
2015-16-ലാണ് ഇവരെ കൊമ്പൻമൂലയിലെ വനാതിർത്തിയിലേക്ക് മാറ്റിയത്. വനം, റവന്യു, ജനപ്രതിനിധികൾ എന്നിവരെല്ലാം ചേർന്നാണ് താൽക്കാലിക കൂരകൾവെച്ച് ഇവരെ മാറ്റിപ്പാർപ്പിച്ചത്. തകരഷീറ്റ് മേൽക്കൂരയും മുളകൾ മെടഞ്ഞുണ്ടാക്കിയ ചുമരുകളും വാതിലുകളുമുള്ള ഒറ്റമുറികുടിലുകളായിരുന്നു ആറ് കുടുംബങ്ങൾക്കായി നിർമ്മിച്ച് നൽകിയത്. ഒരു വർഷത്തിനകം ഇവർക്ക് ഭൂമിയും വീടും ജീവിക്കാനാവശ്യമായ സൗകര്യങ്ങളും നൽകുമെന്നായിരുന്നു വാഗ്ദാനം.
വർഷം ഏഴായിട്ടും വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പിലായില്ല. മഴപെയ്താൽ നനയാതെ കിടക്കാൻ ഒരു വീട്‌പോലുമില്ല കഴിഞ്ഞദിവസം പെയ്ത കാറ്റിലും മഴയിലും വീട് തകർന്നതോടെ ഓടിരക്ഷപ്പെട്ട മിനിയും കുടുംബവും ദിവസങ്ങളോളം കിടന്നത് കന്നുകാലിതൊഴുത്തിലാണ്. കന്നുകാലികളെക്കാളും മോശമാണ് ഇപ്പോൾ തങ്ങളുടെ അവസ്ഥയെന്ന് കോളനിവാസികൾ പറയുന്നു. ചോർന്നൊലിക്കുന്ന കൂരകളിൽ കൊച്ചുകുട്ടികളോടൊപ്പം ഭയന്നാണ് കഴിയുന്നത്. കാറ്റിലും മഴയിലും നിലവിലുള്ള കുടിലുകൾ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്.
വീട് തകർന്നശേഷം കാലിതൊഴുത്തിലേക്ക് താമസം മാറ്റിയ മിനിക്ക് അവിടെയും അധിക ദിവസം തലചായ്ക്കാനായില്ല. ഏഴ് വർഷം മുമ്പ് ട്രൈബൽ വകുപ്പ് വാഗ്ദാനം ചെയ്ത പോത്തുകുട്ടി എത്തി. ഇതിനെ തൊഴുത്തിൽ കെട്ടിയതോടെ മിനി സമീപത്തെ ബിനു-ബിന്ദു ദമ്പതികളുടെ കൂരയിലേക്ക് മാറി. കോളനിയിലെ മാളുവും രണ്ട് മക്കളും ഇവരോടൊപ്പം കൂരയിൽ തന്നെയാണ് താമസം. മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള 11 പേരാണ് ഇപ്പോൾ ഒരു കുടിലിൽ.
കാറ്റും മഴയും വരുമ്പോൾ മരം വീണും വീട് തകർന്നും മരിക്കേണ്ടെന്ന് കരുതി ടാർപായചൂടി തുറസായ വയലിൽ പോയി നിൽക്കുകയാണ് ചെയ്യുന്നത്. കക്കൂസ്, ശുദ്ധജലം, റോഡ്, വൈദ്യുതി ഒന്നും തന്നെയില്ല.
കൊമ്മഞ്ചേരിയിൽ നിന്ന് കൊമ്പൻമൂലയിലേക്ക് മാറ്റിപ്പാർപ്പിച്ചതിന് ശേഷം കോളനിയിലെ മൂന്ന് പേർ മരണപ്പെട്ടു. ഒരു കുടുംബം പൂതാടിയിലെ മൂടക്കൊല്ലിയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറ്റി. മഴക്കാലത്തിന് മുമ്പ് സുരക്ഷിതമായ ഇടം നൽകണമെന്ന ആവശ്യമാണ് ഇവർക്ക് ഇപ്പോൾ.