കൽപ്പറ്റ: ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണഭീഷണി തുടരുന്നു. കഴിഞ്ഞ 21 ദിവസത്തിനിടെ ജില്ലയിൽ 285 പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. മാർച്ച് മാസത്തിൽ ജില്ലയിൽ 355 പേർക്ക് കടിയേറ്റു. അതായത് 51 ദിവസത്തിനിടെ വയനാട് ജില്ലയിൽ മാത്രം തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത് 640 പേർ.

തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എ ബി സി പ്രോഗ്രാമിന്റെ വേഗത വർദ്ധിപ്പിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നിലവിൽ സുൽത്താൻ ബത്തേരി എ ബി സി ക്ലിനിക്കിൽ മാത്രമാണ് ശസ്ത്രക്രിയ നടക്കുന്നത്.
പടിഞ്ഞാറത്തറയിൽ നിർമാണം പുരോഗമിക്കുന്ന ക്ലിനിക്കിൽ കൂടി അടിയന്തരമായി ശസ്ത്രക്രിയ ആരംഭിക്കണമെന്ന ആവശ്യമാണ് ജില്ലാ വെറ്ററിനറി ഓഫീസ് സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്. രണ്ടു സ്ഥലങ്ങളിലായി അഞ്ച് വീതം സർജൻമാരെയും മറ്റു ജീവനക്കാരെയും നിയമിക്കുകയും വേണം.
കഴിഞ്ഞദിവസം കൽപ്പറ്റയിൽ മാത്രം 31 പേർക്ക് നായയുടെ കടിയേറ്റിരുന്നു. പിന്നീട് പരിശോധനയിൽ ആളുകളെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.

കൽപ്പറ്റ, ബത്തേരി, പടിഞ്ഞാറത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ നായയുടെ കടിയേറ്റത്.