കോഴിക്കോട് : കൺസ്യൂമർഫെഡിന്റെ 2022- 23 വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സംസ്ഥാനതല ശിൽപശാല ഏപ്രിൽ 22, 23 തീയതികളിലായി വടകരയിലെ സർഗാലയയിൽ നടക്കും. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ശിൽപശാല ഉദ്ഘാടനം ചെയ്യും. കൺസ്യൂമർഫെഡിന്റെ പ്രവർത്തന മേഖലകളിലെ പ്രതിസന്ധികളെ ക്കുറിച്ചും 2022- 23 പ്രവർത്തന പദ്ധതികളെ കുറിച്ചും വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ, മാനേജിംഗ് ഡയറക്ടർ ഡോ. സനിൽ എസ്.കെ എന്നിവർ ക്ലാസ് നയിക്കും. കൺസ്യൂമർഫെഡ് ഭരണസമിതിയംഗങ്ങൾ , വിവിധ വിഭാഗങ്ങളിലെ മാനേജർമാർ, വിൽപന വിഭാഗങ്ങളിലെ ജീവനക്കാർ, യൂണിയൻ നേതാക്കൻമാർ തുടങ്ങി നൂറോളം ജീവനക്കാർ ശിൽപശാലയിൽ പങ്കെടുക്കും. പൊതുവിതരണരംഗത്ത് പ്രവർത്തിക്കുന്ന സഹകരണസ്ഥാപനം എന്ന നിലയിൽ കൺസ്യൂമർഫെഡ് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും പുതിയ കാഴ്ചപ്പാടുകൾ രൂപീകരിച്ചെടുക്കുന്നതിനും ജനകീയമായി നടത്തുന്ന ഈ ശിൽപശാല ഏറെ ഉപകരിക്കുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് അറിയിച്ചു.