സുൽത്താൻ ബത്തേരി: അധികൃതരോട് പലതവണ പറഞ്ഞിട്ടും ഫലം കാണാതെ വന്നപ്പോൾ കർഷകർ തന്നെ നേരിട്ടിറങ്ങി പാലം നിർമ്മിച്ചു. നെന്മേനി പഞ്ചായത്തിലെ ചിറ്റൂർ പാടശേഖരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് നമ്പിക്കൊല്ലി പുഴയ്ക്ക് കുറുകെ കർഷകർ ഇരുമ്പ് നടപ്പാലം നിർമ്മിച്ചത്.
പുഴയുടെ ഇരുകരയിലും കൃഷിഭൂമിയുള്ള പ്രദേശത്തെ 130-ഓളം വരുന്ന കർഷകർക്ക് പാലം ഉപകാരപ്രദമായിതീർന്നു. പുഴയ്ക്ക് കുറുകെ സുരക്ഷിതമായ പാലമില്ലാത്തതിനാൽ കർഷകർ നാല് പതിറ്റാണ്ടായി ദുരിതമനുഭവിക്കുകയായിരുന്നു. മാറിമാറി വരുന്ന പഞ്ചായത്ത് അധികൃതരോട് പാലം വേണമെന്ന ആവശ്യം പറഞ്ഞ് മടുത്ത കർഷകർ ഒടുവിൽ മുന്നിട്ടിറങ്ങുകയായിരുന്നു.
പാടശേഖരത്തിലെ കർഷകർ പിരിവിട്ടാണ് പാലം നിർമ്മിക്കാൻ പണം കണ്ടെത്തിയത്.
30 അടി നീളത്തിലും മൂന്ന് അടി വീതിയിലും ഉള്ള പാലം 40,000 രൂപ മുടക്കിയാണ് നിർമ്മിച്ചത്. ഇരുമ്പ് പാലം നിർമ്മിച്ച് പുഴയ്ക്ക് കുറുകെ സ്ഥാപിച്ചങ്കിലും ഇതിന്റെ താങ്ങുകാലുകൾ ഇപ്പോഴും മരവും മുളയും തന്നെയാണ് ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായാൽ ഇത് ഒഴുകിപോകും. ഇനിയെങ്കിലും കോൺക്രീറ്റ് പാലം നിർമ്മിച്ചു നൽകണമെന്നാണ് കർഷകരുടെ ആവശ്യം.