@ ഐ.ഐ.ടി റിപ്പോർട്ട് വന്നിട്ട് 6 മാസം
കോഴിക്കോട്: പ്രകടമായ ബലക്ഷയമുണ്ടെന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ട് ആറുമാസമായിട്ടും കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ബലപ്പെടുത്തൽ നടപടി എങ്ങുമെത്തിയില്ല. റിപ്പോർട്ട് പഠിക്കാൻ നിയമിച്ച ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്.ഹരികുമാർ കൺവീനറായ അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഉറപ്പ് നൽകിയിരുന്നു.
രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സമിതിക്ക് നൽകിയ നിർദ്ദേശം. എന്നാൽ ആറ് മാസമായിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല. ഈ മാസം അവസാനത്തോടെയോ അടുത്തമാസം തുടക്കത്തിലോ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്. ഡിസംബറിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് താത്ക്കാലിക റിപ്പോർട്ട് നൽകിയിരുന്നു. സാങ്കേതിക പരിശോധനകൾ വേണ്ടിവരുന്നതിനാലാണ് റിപ്പോർട്ട് വൈകുന്നതെന്നാണ് വിശദീകരണം.
ചെന്നൈ ഐ.ഐ.ടി സ്ട്രക്ചറൽ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രൊഫ.അളകസുന്ദര മൂർത്തി സമർപ്പിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച അത്രത്തോളം പ്രശ്നങ്ങൾ കെട്ടിടത്തിനില്ലെന്നും തൂണുകൾ ബലപ്പെടുത്തിയാൽ മതിയെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നത്.
ബലക്ഷയം പരിഹരിക്കാതെ ബസ്‌സ്റ്റാൻഡ് പ്രവർത്തിക്കരുതെന്ന ഐ.ഐ.ടി നിർദ്ദേശവും പാലിക്കപ്പെട്ടില്ല. ബസ്‌സ്റ്റാൻഡ് മാറ്റുന്നതിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഐ.ഐ.ടി റിപ്പോർട്ടിൽ 90 ശതമാനം തൂണുകളുടെ നിർമാണത്തിലും അപാകത കണ്ടെത്തിയിരുന്നു. ടെർമിനൽ ബലപ്പെടുത്താൻ 30 കോടി രൂപ ചെലവ് വരുമെന്നായിരുന്നു ഐ.ഐ.ടി നൽകിയ സൂചന.
ബസ് ടെർമിനലിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നടത്തിപ്പ് കരാറെടുത്ത ആലിഫ് ബിൽഡേഴ്‌സിന് താക്കോൽ കൈമാറി ഏറെ വൈകാതെയാണ് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി റിപ്പോർട്ട് പുറത്തുവന്നത്. 2009ലാണ് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം ആരംഭിക്കുന്നത്. 2015 വരെ നിർമാണം നീണ്ടപ്പോൾ ചെലവ് 54 കോടിയിൽ നിന്ന് 74.64 കോടിയായി.
@ വിജിലൻസ് അന്വേഷണവും വഴിമുട്ടി
ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണം പ്രാഥമിക റിപ്പോർട്ട് നൽകിയ ശേഷം മുന്നോട്ട് പോയിട്ടില്ല. ആർക്കിടെക്ടിനും കെ.ടി.ഡി.എഫ്.സി മുൻ ചീഫ് എൻജിനിയർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലൻസിന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ട് മാസം അഞ്ച് കഴിഞ്ഞു. അഴിമതി നടന്നിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. സ്ട്രക്ചറൽ ഡിസൈൻ പരിശോധിച്ച കൊച്ചി ആസ്ഥാനമായ ഏജൻസിയെക്കുറിച്ചും അന്വേഷണം വേണം.കരാറുകാരന്റെ പങ്ക് പരിശോധിക്കണം. കോഴിക്കോട് വിജിലൻസ് എസ്.പി സജീവന്റെ കീഴിലുള്ള സംഘമായിരുന്നു അന്വേഷിച്ചത്. 2019ൽ കെ.ടി.ഡി.എഫ്.സിയുടെ പരാതിയിലാണ് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത്.