1
മെഡിക്കൽ കോളേജിലെ ഖര മാലിന്യം

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഖര മാലിന്യം സംസ്കരിക്കാൻ കരാർ നടപടികൾ പൂർത്തിയായി. വെസ്റ്റ്ഹിൽ കോനാരി അഡ്വാൻസ്ഡ് പോളിമേഴ്സ് കമ്പനിയ്ക്കാണ് കരാർ ലഭിച്ചത്. 212000 രൂപയാണ് ടെൻഡർ നൽകിയതെങ്കിലും ഒരു മാസത്തേക്ക് 199941 രൂപയ്ക്ക് സംസ്കരിക്കാമെന്ന് കരാർ ഉറപ്പിച്ചു. ദിവസേന ഉണ്ടാകുന്ന മാലിന്യം മെഡിക്കൽ കോളേജിലെ ഇൻസിനറേറ്ററിൽ കത്തിക്കും. ഇതിനായി വേണ്ട വൈദ്യുതി ചാർജും ഡീസൽ ചാർജും കമ്പനി നൽകണം. നിലവിലുള്ളതും ഇനി വരുന്നതുമായ മാലിന്യം കമ്പനി സംസ്കരിക്കും. ആവശ്യമെങ്കിൽ അധിക മാലിന്യം കമ്പനിയുടെ വെസ്റ്റ്ഹില്ലിലെ പ്ലാന്റിലേക്ക് കൊണ്ടുപോകും. എം.സി.എച്ച്, എസ്.എസ്.ബി, പി.എം.എസ്.എസ്.വൈ, പി.എം.ആർ, സ്പോർട്സ് മെഡിസിൻ, ത്രിതല കാൻസർ സെന്റർ എന്നിവിടങ്ങളിലെ മാലിന്യം മുഴുവൻ ഓരോ ദിവസവും വൈകീട്ട് 3 മണിക്ക് മുമ്പേ നീക്കം ചെയ്യണം. ആറ് മാസത്തിനുള്ളിൽ നിലവിൽ ഇൻസിനറേറ്ററിനടുത്ത് കെട്ടി കിടക്കുന്ന മാലിന്യം മുഴുവൻ സംസ്കരിക്കണം. ഒരു വർഷത്തേക്കാണ് കരാർ. മേയ് ഒന്നാം തീയതി മുതൽ പ്രവൃത്തി ആരംഭിക്കും.