bridge
പുതിയപാലത്ത് വലിയപാലം

@ ടെൻഡർ തുറന്നു

കോഴിക്കോട്: പുതിയപാലത്തെ വലിയ പാലമെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം യാഥാർത്ഥ്യമാക്കാൻ രണ്ട് കമ്പനികളെത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും പി.എം.ആറുമാണ് ടെൻ‌‌ഡർ സമർപ്പിച്ചിരിക്കുന്നത്. ഇന്നലെ ടെൻഡർ തുറന്നപ്പോൾ ഇരുവരും യോഗ്യരായതിനാൽ കുറഞ്ഞ തുക പരിഗണിച്ച് ടെൻ‌ഡർ നൽകും. 27നാണ് അന്തിമ തീരുമാനം. നടപടികൾ പൂർത്തിയായാൽ രണ്ട് മാസത്തിനകം നിർമാണം ആരംഭിക്കാനാണ് തീരുമാനം.

കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് പാലവും അനുബന്ധ റോഡും നിർമ്മിക്കുക.

പാലം നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കും. പുതിയപാലം മുതൽ മിനി ബൈപാസ് വരെയുള്ള റോഡിന് അഞ്ച് പേരുടെ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. വീടും മറ്റ് കെട്ടിടങ്ങളും ഇല്ലാത്ത നാല് പ്ലോട്ടുകൾ ലാൻഡ് അക്വസിഷൻ നിയമപ്രകാരം ഏറ്റെടുക്കും. വീടുള്ള ഭൂമിയുടെ ഉടമസ്ഥനുമായി മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടത്തി. 125 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലും ആർച്ച് മാതൃകയിലാണ് പാലം നിർമ്മിക്കുന്നത്. ജനുവരിയിലാണ് പദ്ധതിയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചത്.

സ്ഥലം ഏറ്റെടുക്കുന്നതുൾപ്പടെ 40.97 കോടിയുടെതാണ് പദ്ധതി. ഒന്നര വർഷത്തിനകം പാലം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കനോലി കനാലിന് കുറുകെ പുതിയപാലത്ത് 1942ലാണ് ചെറിയ പാലം നിർമ്മിച്ചത്. 2007ൽ വലിയ പാലമെന്ന ആവശ്യമുയർത്തി പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങി. തുടർന്ന് 2012ൽ പാലം പണിയാൻ 40 കോടി അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നെങ്കിലും നടപ്പായില്ല. 2016ൽ 50 കോടി അനുവദിച്ചെങ്കിലും തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതോടെ പദ്ധതി മുന്നോട്ട് പോയില്ല.

പാലം പൂർത്തിയായാൽ മിനി ബൈപാസിൽ നിന്ന് റെയിൽവേ സ്‌റ്റേഷൻ, തളി, കല്ലായി റോഡ് ഭാഗങ്ങളിലേക്ക് എളുപ്പ മാർഗമാവും.