കോഴിക്കോട്: അതിജീവനത്തിന്റെ കേരള മാതൃക ലോകം പഠിക്കുകയും ഭാവിയിൽ വിലയിരുത്തുകയും ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം.പി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച 'അതിജീവനത്തിന്റെ കേരള മാതൃകകൾ' നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കടന്നുപോയത് ഒട്ടനവധി അപ്രതീക്ഷിത ദുരന്തങ്ങൾക്ക് നടുവിലൂടെ ആയിരുന്നു. അതിനെ എങ്ങനെയാണ് ഈ നാട് അതിജീവിച്ചതെന്നത് ഭാവി തലമുറയ്ക്കായി സൂക്ഷിച്ച് വെക്കേണ്ടതാണ്. കേരളത്തിലുണ്ടായ എല്ലാ ദുരന്തങ്ങളെയും നേരിടാൻ പാകത്തിൽ ഒരു ഘടന ഇവിടെ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തരം ഘട്ടങ്ങളിൽ കേരളത്തിന്റെ സമീപനം മനുഷ്യഗന്ധമുള്ളതായിരുന്നു. അതിൽ നിന്നാണ് കൊവിഡിനെ നേരിടാൻ നാം തയ്യാറെടുത്തത്.
പൂർവ മാതൃകകൾ ഒന്നുമില്ലാത്ത ഒരുഘട്ടമായിരുന്നു കൊവിഡ്. ജനത്തെ ചേർത്തുനിർത്തിയാണ് കേരളം മുന്നോട്ടു പോയത്. വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തെടുത്ത് പറഞ്ഞ 'നമ്മൾ' എന്ന വാക്ക് കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി എല്ലാവരെയും ഒരുമിച്ച് നിറുത്തി.
ദുരന്തങ്ങളെ ഈ നാട് ജാതിമത ഭേദമന്യേ നാമെല്ലാം ഒന്നാണ് എന്ന ആശയത്തിലൂന്നിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദൻ മോഡറേറ്ററായി.