news
വേളം പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിലിൻ്റെ നേതൃത്വത്തിലുള്ള സംഘം അടിവയൽ പാടശേഖരം സന്ദർശിക്കുന്നു.

കുറ്റ്യാടി: വേളത്തെ നെൽകർഷകർക്ക് താങ്ങാവാൻ തൊഴിലുറപ്പ് പദ്ധതി. ഹെക്ടർ കണക്കിന് വരുന്ന നെൽപാടങ്ങളിലെ പ്രധാന തോടുകളിലെയും, നീർച്ചാലുകളിലെയും നീരൊഴുക്ക് സുഗമമാക്കാനും, കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കാനു മുതകുന്ന പദ്ധതികൾക്കാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ വേളം ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

"നീർച്ചാലുകൾ ഒഴുകട്ടെ കതിരണികൾ വളരട്ടെ'' പദ്ധതിയാണ് വേളത്തിന്റെ കാർഷിക ഭൂപടത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. പദ്ധതി മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും, പാടശേഖര സമിതി ഭാരവാഹികളും വേളം മേഖലയിലെ പാടശേഖരങ്ങളായ അടിവയൽ, കുറിച്ചകം, പെരുവയൽ, തയ്യാട്ട് താഴ, ശാന്തി നഗർ തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തി. കർഷകരെ നേരിൽ കണ്ട് അവരുടെ പ്രയാസങ്ങൾ മനസിലാക്കാനും പരിഹാരമാർഗ്ഗങ്ങൾ ആരായാനുമായിരുന്നു സന്ദർശനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.മുജീബ് റഹ്മാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.മനോജൻ, തായന ബാലാമണി, സി.പി. ഫാത്തിമ, പി.പി. ചന്ദ്രൻ ,അനിഷ പ്രദീപ്, പാടശേഖര സമിതി ഭാരവാഹികളായ പറമ്പത്ത് ഷരീഫ്, മാങ്ങോട്ട് കരീം, പി.എം.കുമാരൻ, തയ്യാട്ട് ഭാസ്കരൻ നായർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.