1
​അപകടാവസ്ഥയിലായ കെട്ടിടം

പയ്യോളി: പയ്യോളി ടൗണിലെ പകുതി പൊളിച്ച കെട്ടിടം ജീവന് ഭീഷണിയാകുന്നു. പയ്യോളി ടൗണിൽ നിന്ന് വടക്കു മാറിയുള്ള പഴയ കെ.ഡി.സി ബാങ്കിന്റെ ഇരുനില കെട്ടിടമാണ് പകുതി പൊളിച്ച നിലയിലുള്ളത്. കെട്ടിടത്തിന് മുകളിൽ കോൺക്രീറ്റ് കഷണങ്ങൾ തൂങ്ങി നിൽക്കുകയാണ്. താഴെ നടപ്പാതയിലൂടെ പോകുന്നവരുടെ തലയിൽ ഏതു നിമിഷവും ഇത് പതിക്കുമെന്ന അവസ്ഥയാണുള്ളത്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പാതയോരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായാണ് കെ.ഡി.സി ബാങ്ക് കെട്ടിടം പൊളിച്ച് മാറ്റാൻ തുടങ്ങിയത്. എന്നാൽ പൊളിച്ച് മാറ്റുന്നതിലെ പാകപ്പിഴയാണ് കെട്ടിടം അപകടാവസ്ഥയിലാകാൻ കാരണം. തൊഴിലാളികൾ താഴെ നിന്നാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. പകുതി ഭാഗം പൊളിച്ച് കഴിഞ്ഞപ്പോഴാണ് അപകടം മനസ്സിലായത്. ഏത് നിമിഷവും നിലം പതിക്കാമെന്നായതോടെ തൊഴിലാളികൾ പണി നിറുത്തുകയായിരുന്നു. പിന്നീട്, മുകൾഭാഗം പൊളിക്കാനുള്ള ശ്രമം നടത്തിയപ്പോൾ കെട്ടിടത്തിന് ഇളക്കമുള്ളതായി കണ്ടെത്തി ജോലി നിറുത്തിവെക്കുകയും ചെയ്തു. മുൻ ഭാഗത്തെ പില്ലറുകളും ചുമരും തകർത്തതിനാൽ കെട്ടിടം ദേശീയ പാതയിലേക്കാവും തകർന്നു വീഴുക. ഇത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കും. വാഹനത്തിലായും കാൽനടയാത്രയായും നിരവധി പേർ ഇതുവഴി കടന്നു പോകാറുണ്ട്. രാത്രിയിൽ കുറച്ചു മണിക്കൂറുകളെങ്കിലും ദേശീയപാതയടച്ചതിന് ശേഷം കെട്ടിടം പൊളിക്കുകുന്നതാവും സുരക്ഷിതമെന്നാണ് ഈ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം.

അപകടാവസ്ഥയിലായ കെട്ടിടം ​

കെ,വി.സതീശൻ