4
കനിയംപുറം തണ്ണീർ കുടിവെള്ള പദ്ധതി

താമരശേമരി : രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിച്ചിരുന്ന കനിയംപുറം കുന്നിലെ നിവാസികൾക്ക് ആശ്വാസം. ഓമശ്ശേരി അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിയം പുറം 'തണ്ണീർ'കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്‌ ആറുലക്ഷം രൂപയാണ് അനുവദിച്ചത്. കിണറിന്റെയും ടാങ്കിന്റെയും പുനരുദ്ധാരണവും മുഴുവൻ ഉപഭോക്താക്കൾക്കും വാട്ടർ മീറ്റർ ഘടിപ്പിക്കലുമുൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്താനാണ്‌ ഫണ്ട്. പതിനാറ്‌ വർഷം മുമ്പാണ്‌ ലോകബാങ്ക്‌ സഹായത്തോടെ ജലനിധി പദ്ധതിയിലുൾപ്പെടുത്തി 'തണ്ണീർ' ശുദ്ധ ജല വിതരണ പദ്ധതി നടപ്പിലാക്കിയത്. മൊത്തം ചെലവായ തുകയുടെ പതിനഞ്ച്‌ ശതമാനം ഗുണഭോക്താക്കൾ വഹിച്ചായിരുന്നു പദ്ധതി. നിലവിൽ 26 കുടുംബങ്ങളാണ്‌ കുടിവെളളമുപയോഗിക്കുന്നത്‌. കനിയം പുറത്ത്‌ കിണറും കുന്നുമ്മൽ പ്രദേശത്ത്‌ ടാങ്കും സ്ഥാപിച്ചാണ്‌ പദ്ധതി പ്രാവർത്തികമാക്കിയത്‌. എന്നാൽ റോഡരികിലുള്ള കിണറിന്റെ അടിഭാഗം ഇടിഞ്ഞതും ടാങ്കിന്റെ ചോർച്ചയും കാരണം ഗുണഭോക്താക്കൾ കുടിവെള്ളം നിലക്കുമെന്ന ആശങ്കയിലായിരുന്നു.

നവീകരണത്തിനുള്ള ക്വട്ടേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്‌. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി(കെ.ആർ.ഡബ്ലി.യു.എസ്‌.എ)യുടെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയെന്നും വർഷകാലത്തിനു മുമ്പ്‌ പ്രവൃത്തി പൂർത്തീകരിക്കാനാണുദ്ദേശിക്കുന്നതെന്നും വാർഡ്‌ മെമ്പർ പറഞ്ഞു. നവീകരണത്തിന്റെ ആകെ തുകയുടെ പത്ത്‌ ശതമാനം ഗുണഭോക്താക്കളും പതിനഞ്ച്‌ ശതമാനം ഗ്രാമ പഞ്ചായത്തും എഴുപത്തിയഞ്ച്‌ ശതമാനം കേരള സർക്കാറുമാണ്‌ വഹിക്കുന്നത്‌.