മേപ്പാടി: മേപ്പാടി എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തിയത്. ഡിവിഷൻ രണ്ടിൽ നിരവധി തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടികളോട് ചേർന്നാണ് ഒരു കുട്ടിയാനയടക്കം 7 കാട്ടാനകൾ ഇറങ്ങിയത്.
ഇതോടെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലെ റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി. ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിച്ച ആനക്കൂട്ടത്തെ ഒൻപതു മണയോടെയാണ് തുരത്തിയത്. എരുമക്കൊല്ലി സ്‌കൂളിന് സമീപത്തും കാട്ടാനക്കൂട്ടം എത്തിയിരുന്നു. പൂളക്കുന്ന് വഴി എളമ്പലേരി വനമേഖലയിലേക്കാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി തവണ ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയിട്ടുണ്ട്.
കാട്ടാനകളെ ഭയന്ന് തേയിലത്തോട്ടത്തിൽ ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ചെമ്പ്ര വനമേഖലയിൽ നിന്നാണ് ഈ പ്രദേശത്തേക്ക് കാട്ടാനകൾ ഇറങ്ങുന്നത്. വനാതിർത്തികളിൽ ഫെൻസിങ് സ്ഥാപിക്കുന്നതിലെ അപാകതയാണ് കാട്ടാനകൾ കാടിറങ്ങാൻ കാരണം. ചെമ്പ്ര ഭാഗത്ത് ഏതാനും കലോമീറ്ററുകൾ മാത്രമാണ് ഫെൻസിങ് സ്ഥാപിച്ചിട്ടുള്ളത്.
കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യമുന്നയിക്കുകയാണ് നാട്ടുകാർ.