വടകര: മാഹി ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാവണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥനയെ തുടർന്ന് സ്ഥലം സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബൈപാസ് നിർമാണത്തിന്റെ ഭാഗമായി മാഹി റെയിൽവേ സ്റ്റേഷൻ പി.ഡബ്ല്യൂ.ഡി റോഡിന്റെ പകുതി ഭാഗം അക്വയർ ചെയ്തു പുതിയ സർവീസ് റോഡ് നിർമിച്ചതിനാൽ ഗതാഗത തടസം രൂക്ഷമാണ്.
8 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് പുനക്രമീകരണത്തിന്റെ ഭാഗമായി 4 മീറ്റർ പോലുമില്ല. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ വീതി കുറഞ്ഞതിനാൽ പ്രദേശ വാസികളും യാത്രക്കാരും വലിയ യാത്രാദുരിതം അനുഭവിക്കുന്നുണ്ട്. അശാസ്ത്രീയമായ ഡ്രൈനേജ് നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം കയറിയ വീടുകളും പ്രദേശങ്ങളും എം.എൽ.എ സന്ദർശിച്ചു. ദേശീയപാത അതോറിറ്റി അധികൃതർ, പ്രവൃത്തി നടത്തുന്ന കമ്പനിയുടെ പ്രതിനിധികൾ പി.ഡബ്ല്യൂ.ഡി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, അഴിയൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീഷ ആനന്ദസദനം, വാർഡ് മെമ്പർ ഫിറോസ് കാളണ്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എന്നിവർ ഒപ്പമുണ്ടായിരുന്നു.