കോഴിക്കോട്: ഗുരു വാഗ്ഭടാനന്ദന്റെ സവിശേഷ ജീവിതം ആവിഷ്‌ക്കരിക്കുന്ന 'വാഗ്ഭടാനന്ദഗുരുദേവൻ നവോത്ഥാനത്തിന്റെ അരുണോദയകാഹളം' ഡോക്യുമെന്ററിയുടെ ജില്ലയിലെ ആദ്യപ്രദർശനം കൈരളി ശ്രീ തീയറ്ററിൽ നടന്നു. ഗുരുവിന്റെ 137-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിരുന്നു പ്രദർശനം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച വാഗ്ഭടാനന്ദജയന്തി ആഘോഷവും ഡോക്യുമെന്ററിയുടെ പ്രദർശനവും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജയകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ഡോക്യുമെന്ററി നിർമ്മിച്ചതും ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. ഗുരു സ്ഥാപിച്ച ആത്മവിദ്യാസംഘത്തിലെ അംഗങ്ങളായ സാധാരണ തൊഴിലാളികൾ രൂപം നൽകിയ പ്രസ്ഥാനമാണ് ഊരാളുങ്കൽ സൊസൈറ്റി.
ജെ.സി.ബി. പുരസ്‌കാരം നേടിയ എഴുത്തുകാരൻ എം. മുകുന്ദനെ ആദരിച്ചു. മേയർ ബീനാഫിലിപ്പ് അദ്ദേഹത്തിന് ഉപഹാരം നൽകി. ജെ.സി.ബി അവാർഡ് ലഭിച്ചതിലുള്ള ആഹ്ലാദം പങ്കുവെച്ച അദ്ദേഹം വാഗ്ഭടാനന്ദഗുരുവിനെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ സഹകരിച്ച അനുഭവം അനുസ്മരിച്ചു.
കെ.ജയകുമാർ വാഗ്ഭടാനന്ദ ഗുരു അനുസ്മരണപ്രഭാഷണം നടത്തി. വാഗ്ഭടാനന്ദ ഗുരുവിന്റെ അറിവ് മുഴുവൻ കർമ്മമായി രൂപാന്തരപ്പെട്ടിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് അഴിമതിക്കും അനാചാരങ്ങൾക്കുമെതിരെ സക്രിയമായി പ്രതികരിക്കാനുള്ള കർമ്മധീരത കൊടുത്തുകൊണ്ടാണ് അദ്ദേഹം ആത്മവിദ്യാസംഘത്തിനു രൂപം നൽകിയത്. ആത്മവിദ്യാസംഘത്തെ ഒറ്റപ്പെടുത്തി അംഗങ്ങളെ ഉപദ്രവിപ്പോൾ അതിനുള്ള മറുപടിയായ കർമ്മമായി സഹകരിച്ചു ശക്തരാകാൻ രൂപവത്ക്കരിച്ചതാണ് ഊരാളുങ്കൽ തൊഴിലാളി സംഘമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണസംഘം കോഴിക്കോട് ജോയിന്റ് രജിട്രാർ റ്റി. ജയരാജൻ, കേരള ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ, ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി, മാനേജിങ് ഡയറക്ടർ എസ്. ഷാജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.