സുൽത്താൻ ബത്തേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജോഷിയെ ബജാജ് ഫിൻസെർവിലെ ജീവനക്കാർ മർദ്ദിച്ചുവെന്നാരോപിച്ച് സ്ഥാപനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂട്ടിച്ചു. ഇന്നലെ കാലത്ത് 11 മണിയോടെയാണ് പ്രകടനമായെത്തിയ പ്രവർത്തകർ സ്ഥാപനം പൂട്ടിച്ചത്.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോഷിയെ ബജാജ് ഫിൻസെർവിലെ ജീവനക്കാർ മർദ്ദിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കാലത്ത് പ്രതിഷേധവുമായെത്തിയ പ്രവർത്തകർ ഓഫീസിനുള്ളിൽ കടന്ന് ജീവനക്കാരെ പുറത്താക്കി ഓഫീസിന്റെ പ്രവേശനകവാടത്തിൽ കുത്തിയിരുപ്പ് നടത്തി. പിന്നീട് പൊലീസെത്തി സമരക്കാരുമായി ചർച്ച നടത്തുകയും ഓഫീസ് പൂട്ടാൻ ജീവനക്കാരോട് നിർദ്ദേശിക്കുകയുമായിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോയത്. ഭീഷണിയും മർദ്ദനമുറകളുമായി ധനകാര്യ സ്ഥാപനങ്ങൾ മുന്നോട്ട് പോയാൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയില്ലെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.