സുൽത്താൻ ബത്തേരി: കൃഷിയിടത്തിലേക്ക് എത്തുന്ന കാട്ടാനയുടെ വരവ് വീട്ടുകാരെയും നാട്ടുകാരെയും കുരച്ച് അറിയിച്ചുകൊണ്ടിരുന്ന നായയെ കാട്ടാന കൂടോടുകൂടി വലിച്ചെറിഞ്ഞു. ചെതലയം ആറാംമൈൽ വൈലപ്പള്ളി ജോൺ മാത്യുവിന്റെ നായയെയാണ് കൂടോടുകൂടി ദൂരേക്ക് വലിച്ചെറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
നിത്യേന ആനയെത്തുമ്പോൾ എല്ലാവരെയും കുരച്ച് അറിയിച്ചുകൊണ്ടിരുന്നത് ഈ നായയായിരുന്നു. ഇടതടവില്ലാതെ കുരയ്ക്കാൻ തുടങ്ങിയാൽ പ്രദേശവാസികൾക്കറിയാം ആനയെത്തിയിട്ടുണ്ടെന്ന്. നായയുടെ കുര കേൾക്കുതോടെ പ്രദേശവാസികൾ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ആനയെ തിരികെ വനത്തിലേക്ക് തന്നെ കയറ്റിവിടാറാണ് പതിവ്. അങ്ങനെ നായ ആനയ്ക്ക് ശല്യക്കാരനായി മാറി.
കഴിഞ്ഞ ദിവസവും ആനയുടെ സഞ്ചാരത്തിന് ഭംഗം വരുത്തികൊണ്ട് നായ ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി. ഇതോടെ ആന തുമ്പിക്കൈകൊണ്ട് പട്ടിക്കൂട് ചുഴറ്റി എടുത്ത് എറിഞ്ഞു. നായയും കൂടുമെല്ലാം ഇരുപത്തിയഞ്ച് മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു. നായയുടെ ദീനരോദനംകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കൂട് ദൂരെ തെറിച്ചുകിടക്കുന്നത് കണ്ടത്. വീട്ടുകാർ എത്തി നായയെ കൂട്ടിൽ നിന്ന് പുറത്തെടുത്തപ്പോഴെക്കും ഭയചകിതനായ നായ ഓടി വീടിന്റെ അകത്ത് കയറി ഒളിച്ചിരിക്കാൻ തുടങ്ങി. പിന്നീട് വീട്ടുകാർ കൂട് ഇരുന്ന ഭാഗത്ത് കൊണ്ടുപോയി കെട്ടിയിട്ടെങ്കിലും അവിടെ നിൽക്കാൻ കൂട്ടാക്കാതെ ഭയന്ന് വീടിന്റെ അകത്തേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു.