സുൽത്താൻ ബത്തേരി: കാട്ടാന നശിപ്പിച്ച വാഴ പിഴുതുനീക്കാൻ കൂലിയിനത്തിൽ കർഷകർക്ക് ചെലവഴിക്കേണ്ടിവരുന്നത് ആയിരങ്ങൾ.

വാഴത്തോട്ടത്തിൽ ആനയിറങ്ങി കൃഷിനശിപ്പിച്ചതുവഴി കർഷകർക്ക് വൻനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ ആന നശിപ്പിച്ച വാഴ പിഴുതുനീക്കാൻ വലിയ കൂലി നൽകേണ്ടി വരുമ്പോൾ കർഷകർക്ക് ഇരട്ടി നഷ്ടമാണ് ഉണ്ടാകുന്നത്.
കുലയ്ക്കാത്ത വാഴ ആന നശിപ്പിച്ചാൽ അതും അതിന്റെ ചുവട്ടിൽ നിൽക്കുന്ന വാഴക്കന്നും നീക്കം ചെയ്യണം. കുലവീഴാത്തതുകാരണം വാഴക്കന്ന് വലുതായാലും കുലയ്ക്കാനുള്ള സാധ്യത കുറവായതിനാലാണ് ചെറിയ വാഴയും നാശമായ വാഴയോടൊപ്പം പറിച്ചു നീക്കേണ്ടി വരുന്നത്.

കഴിഞ്ഞ ദിവസം ചെതലയത്ത് ഡോ. സുരേന്ദ്രമോഹനന്റെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി നശിപ്പിച്ച വാഴ പിഴുതു നീക്കം ചെയ്യുകയായിരുന്നു. കൂലിയിനത്തിൽ വലിയ തുകയാണ് വേണ്ടിവന്നത്.
ആന നശിപ്പിച്ചാലും കാറ്റിലും മഴയിലും നശിച്ചാലും കുലയ്ക്കാത്ത വാഴയാണെങ്കിൽ വലിയ നഷ്ടമാണ്. കുലച്ച വാഴയാണെങ്കിൽ അതിന്റെ ചുവട്ടിലുണ്ടാകുന്ന വാഴക്കന്നെങ്കിലും വളർത്തി വലുതാക്കാം. എന്നാൽ കുലയ്ക്കാത്ത വാഴകൾ നശിക്കുമ്പോൾ നഷ്ടം ഇരട്ടിയാവും. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ ചീരാലിൽ യുവ കർഷകനായ കരിങ്കാളികുന്ന് തൊമരിക്കാട് രാജേഷിന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. എട്ട് ലക്ഷം രൂപ മുടക്കി നട്ട 5500 വാഴകളാണ് കാറ്റിൽ നിലംപൊത്തിയത്.