പേരാമ്പ്ര: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ ജിജോയ് ആവളയെ മർദ്ദിച്ചതിൽ പ്രതിഷേധം ശക്തം. പേരാമ്പ്ര മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആവള മാനവയിൽ വെച്ചാണ് അക്രമിക്കപ്പെട്ടത്. സി.പി.എം പ്രവർത്തകരാണ് അക്രമ സംഭവത്തിൽ പിന്നിലെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു . കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. വിഷയത്തിൽ മേപ്പയ്യൂർ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സി.പി.ഐ - സി.പി.എം നേതാക്കൾ യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിച്ചതാണ്. എന്നാൽ സി.പി.ഐ പ്രവർത്തകരെ ആസൂത്രിതമായി അക്രമിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് സി.പി.ഐ ആരോപിച്ചു. ഇത്തരം പ്രവർത്തകരെ നിലയ്ക്ക് നിർത്താൻ നേതൃത്വം തയ്യാറാകണമെന്നും അക്രമികൾക്കെതിരെ കർശനമായ നിയമ നടപടികൾ പൊലീസ് സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് പേരാമ്പ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.