പയ്യോളി: ഒരു നാടിന് ഭീതിയുടെ മുൾമുൻ നിറുത്തിയ പഴയ കെട്ടിടം പൊളിച്ച് നീക്കി.അപകടാവസ്ഥയിൽ, ഏതുനിമിഷവും നിലംപൊത്തിയേക്കാവുന്ന കെട്ടിടത്തെക്കുറിച്ച് കേരള കൗമുദി നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത്. ആദ്യം കരാറെടുത്തവർ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ചുവരും പില്ലറുകളും പൊളിച്ചുമാറ്റിയതോടെയാണ് കെട്ടിടം ഏതു നിമിഷവും വീഴാൻ പാകത്തിലായത്. ശക്തമായ കാറ്റോ മഴയോ പോലും കെട്ടിടത്തെ നിലം പതിപ്പിക്കുമായിരുന്നു. വാർത്ത ചർച്ചയായതോടെ കഴിഞ്ഞ ദിവസം രാത്രി തന്നെ താഴത്തെ നിലയ്ക്കടുത്ത് മണ്ണ് നിറച്ച് ഇന്നലെ ഉച്ചയോടെ കെട്ടിടത്തിൻറെ മുകൾ ഭാഗം പൊളിക്കാൻ ആരംഭിച്ചു. ദേശീയപാതയിൽ തിരക്കേറിയ സമയമായത് കാരണം വൈകീട്ട് 5 മണിയോടെ, നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, പയ്യോളി എസ്.ഐ പി.എം സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പണി നിർത്തിവെപ്പിച്ചു. തുടർന്ന് രാത്രി വൈകിയാണ് ജോലി പുനഃരാരംഭിച്ചത്. ജീവന് ഭീഷണിയായ മുകൾ നിലകൾ പൂർണമായും രാത്രി തന്നെ പൊളിച്ചു മാറ്റി. അതോടെ ഒരാഴ്ചയോളം ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പ്രശ്നത്തിന് പരിഹാരമായി.