കൽപ്പ​റ്റ: നഗരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നഗരസഭാ സ്ഥാപിച്ച ക്യാമറയിൽ ഒരാഴ്ചയ്ക്കിടെ കുടുങ്ങിയത് അഞ്ച്‌പേർ. ഇരുട്ടിന്റെ മറവിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയവരാണ് ക്യാമറ കെണിയിൽ കുടുങ്ങിയത്. ഒരാഴ്ച മുൻപാണ് നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നഗരസഭ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
എളുപ്പത്തിൽ കാണാൻ കഴിയാത്ത തരത്തിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ അടുക്കള മാലിന്യം ഉൾപ്പെടെ റോഡരികിൽ കൊണ്ടുവന്നിട്ടവരാണ് ക്യാമറയിൽ കുടുങ്ങിയത്.
ഗുഡ്സ് ഓട്ടോയിൽ കൊണ്ടുവന്ന് മാലിന്യം റോഡരികിൽ തള്ളിയ ആളാണ് ആദ്യം പിടിയിലായത്. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് ആളുകളെ മനസ്സിലാക്കിയശേഷം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് പിഴ ഈടാക്കുന്നത്.

മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടരാനാണ് നഗരസഭയുടെ തീരുമാനം.

പതിവായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോൾ ക്യാമറകൾ വച്ചിട്ടുള്ളത്. സിസിടിവി ക്യാമറ കൊണ്ട് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കഴിയുന്നുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ 28 ഡിവിഷനുകളിലും ക്യാമറകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.