കൽപ്പറ്റ: കൽപ്പറ്റ നഗരത്തിൽ ഗതാഗത പരിഷ്‌കാരം മെയ് ഒന്ന് ഞായറാഴ്ച മുതൽ നടപ്പാക്കാൻ മുനിസിപ്പൽ ട്രാഫിക് അഡ്വൈസറി സമിതി തീരുമാനിച്ചു. ട്രാഫിക് ജംഗ്ഷൻ മുതൽ കൈനാട്ടി വരെയുള്ള പ്രധാന റോഡിന്റെ ഇടത് വശം (പടിഞ്ഞാറ് ഭാഗം) വാഹന പാർക്കിംഗ് അനുവദിക്കില്ല. വലത് വശത്ത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. നിലവിലുള്ള ഓട്ടോ ഗുഡ്സ് ടാക്സി സ്റ്റാന്റുകളിൽ അത്തരം വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കും.
പിണങ്ങോട് ജംഗ്ഷനിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സ്ഥാപിക്കുന്നതോടെ പള്ളിതാഴെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തുടർന്ന് എച്ച്.ഐ.എം.യു.പി സ്‌കൂളിന് മുൻവശമുള്ള റോഡ് ഘട്ടംഘട്ടമായി നവീകരിച്ച് വാഹനങ്ങൾക്ക് പ്രധാന റോഡിലേക്ക് പ്രവേശനം അനുവദിക്കും. ആനപ്പാലം ജംഗ്ഷൻ റോഡിലെ വൺവെ ഒഴിവാക്കും.
നഗരത്തിലെത്തുന്ന മുഴുവൻ ബസുകളും പുതിയ ബസ്‌സ്റ്റാന്റിൽ കയറണം. പഴയ ബസ്‌സ്റ്റാന്റിൽ സ്വകാര്യവാഹന പാർക്കിംഗ് നിരോധിച്ചു. ബസ്‌സ്റ്റാന്റിൽ നിന്ന് നിശ്ചയിക്കപ്പെട്ട ബസ്‌സ്റ്റോപ്പുകളിൽ നിന്നല്ലാതെ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നിയന്ത്രിക്കുന്നതും ലംഘിച്ചാൽ കർശനമായ നിയമ നടപടി സ്വീകരിക്കും.
ചെറുറോഡുകളിലൂടെ വരുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലെ ഗതാഗത തടസ്സമൊഴിവാക്കാനായി 50 മീറ്റർ ദൂരം പാർക്കിംഗ് അനുവദിക്കില്ല. ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും.
കൽപ്പറ്റയിൽ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി കൈനാട്ടിയിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം അന്തിമഘട്ടത്തിലാണ്. ട്രാഫിക് ജംഗ്ഷൻ, പിണങ്ങോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഘട്ടംഘട്ടമായി നഗരസഭ ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്ന് മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു.