കൽപ്പറ്റ: തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ നഗരസഭ പ്രതിരോധ നടപടികൾ ആരംഭിച്ചു. നഗരസഭാ പരിധിയിലെ മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി പേ വിഷബാധയ്ക്ക് എതിരെ കുത്തിവെപ്പ് നൽകും. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൽപ്പറ്റയിൽ 32 പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
അക്രമകാരികളായ 3 നായ്ക്കളെയും പരിശോധിച്ചപ്പോൾ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നഗരത്തിലെ മുഴുവൻ നായ്ക്കൾക്കും കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കൽപ്പറ്റ നഗരസഭാ പരിധിയിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുണ്ടേരിയിലാണ് കുത്തിവെപ്പ് ഉദ്ഘാടനം നടക്കുക. വളർത്തു നായ്ക്കൾക്കും ഇവിടെവെച്ച് കുത്തി വെപ്പ് നൽകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എബിസി പ്രോഗ്രാം ഉൾപ്പെടെ സംഘടിപ്പിച്ച് വംശവർദ്ധനവ് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ കെഎംതൊടി മുജീബ് പറഞ്ഞു.
പ്രത്യേക ടീം രൂപീകരിച്ച് ഓരോ പ്രദേശത്തും ക്യാമ്പ് നടത്തിയാകും കുത്തിവെപ്പ് നൽകുക.
യോഗത്തിൽ സീനിയർ വെറ്ററിനറി സർജൻ ഡോ. ജയരാജ്, നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.അജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ.ശിവരാമൻ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.