കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കൊമ്മഞ്ചേരി വനത്തിൽ നിന്ന് ഏഴു വർഷം മുമ്പ് കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസറും 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കൊമ്പൻമൂല സെറ്റിൽമെന്റിലാണ് 14 കുടുംബങ്ങളെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്.
കുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇവരെ കാടിനുള്ളിൽ നിന്ന് കുടിയിറക്കിയത്. എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയില്ല.
വനത്തിനുള്ളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 6 കുടുംബങ്ങൾക്ക് 6 താത്ക്കാലിക ടെന്റുകളാണ് ഒരുക്കിയത്. താത്ക്കാലിക കൂരകൾ നാശത്തിന്റെ വക്കിലാണ്. കുടിവെള്ളം, ശുചിമുറി സൗകര്യങ്ങളും മരുന്നും വൈദ്യുതിയും ഇവർക്ക് ലഭിക്കുന്നില്ല.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.