പേരാമ്പ്ര: പന്തിരിക്കരയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രി കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു. പണ്ട് മതിയായ യാത്രാസൗകര്യങ്ങളില്ലാതിരുന്നപ്പോഴും മലയോര പ്രദേശമായ പന്തിരിക്കരയിൽ കിടത്തി ചികിത്സയടക്കം ലഭിച്ചിരുന്ന ആശുപത്രിയുണ്ടായിരുന്നു. എന്നാൽ ടൗൺ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയപ്പോൾ ആശുപത്രിയും ഇല്ലാതായി. ഇപ്പോൾ ഇവിടെയെത്തുന്ന രോഗികൾ കിലോമീറ്റർ താണ്ടി പേരാമ്പ്ര താലൂക്ക് ആശുപത്രിയെയോ കുറ്റ്യാടി താലൂക്ക് ആശുപത്രിയെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കർഷകരും കൂലി തൊഴിലാളികളും കൂടുതൽ താമസിക്കുന്ന മേഖലയാണിത്. ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളായ പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രം, ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പേരാമ്പ്ര പ്ലാന്റേഷൻ, കൂത്താളി കൃഷിഫാം എന്നിവിടങ്ങളിലേക്കുള്ള റൂട്ടും കൂടിയാണിത്. പന്തിരിക്കരയിൽ സൗകര്യപ്രദമായ ആശുപത്രി യാഥാർത്ഥ്യമായാൽ പന്തിരിക്കര, സൂപ്പിക്കട, കിഴക്കൻ പേരാമ്പ്ര, കോക്കാട്, ആവടുക്ക , പട്ടാണിപ്പാറ, ഒറ്റക്കണ്ടം, തരിപ്പിലോട് പ്രദേശങ്ങളിലെ നിർധനരായ രോഗികൾക്ക് ഉൾപ്പെടെ ആശ്വാസമാവും. നിലവിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ അധിനതയിലുള്ള പന്തിരിക്കരയിലെ കെട്ടിടത്തിൽ കൂടുതൽ സൗകര്യ മേർപ്പെടുത്തുകയാണെങ്കിൽ നല്ല രീതിയിൽ ആശുപത്രിയുടെ സേവനം ലഭ്യമാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.