കൽപ്പറ്റ: എസ്.ബി.ഐ ബാങ്കിന്റെ എടിഎം കൗണ്ടറിൽ തീപിടിച്ചു. കൽപ്പറ്റ ഗീതാസിന് സമീപത്തെ എസ്.ബി.ഐ ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന എടിഎം കൗണ്ടറിലാണ് വ്യാഴാഴ്ച രാത്രി പത്തേകാലോടെ തീപിടിത്തമുണ്ടായത്. എ.ടി.എം കൗണ്ടറിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ട ഉടനെ ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ അഗ്നിരക്ഷാ സേനയിൽ വിവരം അറിയിക്കുകയായിരുന്നു.
സി ഡി എമിന് സമീപത്തെ കമ്പ്യൂട്ടർ, സ്വിച്ച് ബോർഡ് എന്നിവ കത്തിനശിച്ചു. എടിഎം മെഷീനിൽ തീപിടിത്തം ഉണ്ടാകാതിരുന്നതിനാൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ല.
തീപിടിത്തമുണ്ടായി 20 മിനിറ്റിനകം തന്നെ പൂർണമായും അണയ്ക്കാൻ കഴിഞ്ഞതിനാൽ തീ മറ്റു സ്ഥലങ്ങളിലേക്ക് പടർന്നില്ല. എടിഎം കൗണ്ടറിലെ പണം ഉൾപ്പെടെ സുരക്ഷിതമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.