കൽപ്പറ്റ: പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ വ്രതാനുഷ്ഠാനം പരിസമാപ്തിയിലേക്ക്. റംസാൻ
മാസത്തിലെ അവസാന വെള്ളിയാഴ്ച പള്ളികളിലെല്ലാം ജുമാ നമസ്‌കാരത്തിന് വലിയ തിരക്കായിരുന്നു. റംസാനിൽ നിന്ന് ആർജിച്ചെടുത്ത വ്യക്തിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഉദ്‌ബോധിപ്പിച്ചു.
ഇരുപത്തിയേഴാം രാവിലെ പൂർണ്ണതയ്ക്ക് പിന്നാലെയാണ് നോമ്പിന്റെ അവസാന വെള്ളിയാഴ്ചയിലേക്ക് വിശ്വാസികൾ പ്രവേശിച്ചത്. ജുമാ നമസ്‌കാരത്തിന് മുൻപ് നടന്ന ഖുതുബയിൽ ഇമാമുമാർ റംസാൻ മാസത്തിന് സലാം ചൊല്ലി.

അടുത്ത വർഷവും റംസാൻ നോമ്പിൽ പങ്കാളികളാകാൻ കഴിയണേ എന്ന പ്രാർത്ഥനയോടെയാണ് വിശ്വാസികൾ പള്ളികളിൽ നിന്നു മടങ്ങിയത്. മൂന്ന് ഘട്ടങ്ങളായി കണക്കാക്കുന്ന നോമ്പിന്റെ അവസാന പത്ത് ദിവസങ്ങൾ നരക മോചനത്തിന്റെ ദിനങ്ങളായാണ് കരുതുന്നത്. ആയിരം മാസങ്ങളേക്കാൾ പവിത്രമായ രാത്രിയായി കണക്കാക്കുന്ന വിധിനിർണയ രാവിനെ പ്രതീക്ഷിക്കുന്നതും റംസാനിലെ അവസാന ദിനങ്ങളിലാണ്. ഇരുപത്തിയേഴാം രാവായ വ്യാഴാഴ്ച പള്ളികളിൽ രാത്രിയിൽ പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു.