കോഴിക്കോട്: വന്യമൃഗശല്യത്തിൽ ജില്ലയിലെ കർഷകർക്ക് 2021 ജനുവരി മുതൽ ഇതുവരെ 77.44 ലക്ഷം രൂപയുടെ നഷ്ടം. ജില്ലാ കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 211 കർഷകരുടെ 19.44 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. ജില്ലയിൽ കുന്നുമ്മൽ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷി നാശം. 36.30 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊടുവള്ളി ബ്ലോക്കാണ് തൊട്ടുപിന്നിൽ. 9.96 ഹെക്ടർ ഭൂമിയിൽ 30.85 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഇവിടെ ഉണ്ടായത്. മുക്കം ബ്ലോക്കിൽ 2.78 ഹെക്ടർ സ്ഥലത്തായി 8.42 ലക്ഷം രൂപയുടെ കൃഷി നാശം, ഉള്ളിയേരി ബ്ലോക്കിൽ 1.12 ലക്ഷം, പേരാമ്പ്രയിൽ 70,000 രൂപ, വടകരയിൽ 5000 രൂപയുടെയും നഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം മാത്രം 10.05 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വന്യമൃഗങ്ങളുടെ ആക്രമണം കാരണം കർഷകർക്കുണ്ടായത്.
കാട്ടുപന്നി, കുരങ്ങ്, കാട്ടാട് തുടങ്ങിയവയുടെ അക്രമണമാണ് കൂടുതൽ. വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും വാഴയും പന്നികൾ കുത്തി നശിപ്പിക്കുകയാണ്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് ഇതുവരെ വനംവകുപ്പ് 61 പേർക്ക് തോക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. അടയ്ക്ക, പച്ചക്കറികൾ തുടങ്ങിയ വിളകൾ കുരങ്ങുകൾ നശിപ്പിക്കുന്നു. കുരങ്ങുകളുടെ ശല്യം നാളികേര കർഷകരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ബാങ്കിൽ നിന്നും മറ്റും ലക്ഷങ്ങൾ വായ്പയെടുത്താണ് മിക്കവരും കൃഷി ചെയ്യുന്നത്. വിളകൾ നശിപ്പിക്കുന്നതിന്റെ നഷ്ടപരിഹാരം കൃത്യമായി ലഭിക്കുന്നില്ലെന്നും അതിന്റെ പിറകെ മാസങ്ങളോളം നടക്കേണ്ടി വരുന്നതായും ആരോപണമുണ്ട്. എന്നാൽ പരിശോധിച്ച് നഷ്ടപരിഹാരം നൽകിവരുന്നുണ്ടെന്നാണ് കൃഷിവകുപ്പും വനംവകുപ്പും പറയുന്നത്.