സുൽത്താൻ ബത്തേരി: തൊണ്ടിമുതൽ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ സ്‌ഫോടക വസ്തുക്കളായ ജലാറ്റിൻ സ്റ്റികും ഫ്യുസ് വയറുകളും ലഭിച്ച സംഭവത്തിൽ ദുരൂഹത. നിലമ്പൂരിലെ വീട്ടിൽ വെച്ച് ബത്തേരി കൈപ്പഞ്ചേരി സ്വദേശികളായ ഏഴംഗ സംഘം ഷൈബിൻ എന്നയാളെ ആക്രമിച്ച് ലാപ്‌ടോപ്പും പണവും മൊബൈൽ ഫോണുകളും കവർച്ച നടത്തിയെന്ന കേസിൽ തൊണ്ടിമുതൽ കണ്ടെത്തുന്നതിന് പരിശോധന നടത്തുമ്പോഴാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് പിടിയിലായ ബത്തേരി കൈപ്പഞ്ചേരി തങ്ങളത്ത് അഷറഫിന്റെ വീടിന് പിറക് വശത്ത് നിന്നാണ് കുഴിച്ചിട്ട നിലയിൽ ഒമ്പത് ജലാറ്റിൻ സ്റ്റിക്കും അഞ്ചര മീറ്റർ ഫ്യൂസ് വയറും ലഭിച്ചത്.

അനുജൻ നൗഷാദ് എൽപ്പിച്ച കവർ കുഴിച്ചിടുകയായിരുന്നുവെന്നാണ് അഷറഫ് പൊലീസിനോട് പറഞ്ഞത്. മൊബൈൽ ഫോൺ കുഴിച്ചിട്ട കുഴിയുടെ സമീപത്ത് നിന്നാണ് ജലാറ്റിൻസ്റ്റിക്ക് ലഭിച്ചത്.
തങ്ങളെ കുടുക്കുന്നതിന് വേണ്ടി സ്‌ഫോടക വസ്തുക്കൾ ആരോ അവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതാണെന്നാണ് ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയ മൂന്ന് പേരും പറഞ്ഞത്. ഷൈബിന്റെ ഗുണ്ടകൾ തങ്ങളെ വധിക്കുമെന്നും, നേരത്തെ വിദേശത്തായിരുന്നപ്പോൾ ഷൈബിന്റെ നിർദേശാനുസരണം കൊല നടത്തിയെന്നും ആത്മഹത്യഭീഷണി മുഴക്കുന്നതിനിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഷൈബിന്റെ കൂടെ ജോലിചെയ്തിരുന്നവരാണ് ഷൈബിനെ ആക്രമിച്ച ഏഴംഗ സംഘത്തിലെ മൂന്ന് പേർ. പണസംബന്ധമായ തർക്കമാണ് ആക്രമണത്തിനും കവർച്ചയ്ക്കും കാരണമെന്ന് പറയപ്പെടുന്നു. സ്‌ഫോടകവസ്തുക്കൾ ലഭിച്ചതിന് പിന്നിലെ ദുരുഹതയും ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന ആത്മഹത്യ ഭീഷണിയും സംഭവം കൂടുതൽ ദുരൂഹതയിലേക്കാണ് നീങ്ങുന്നത്.

ദേശീയ ഏജൻസി അന്വേഷിക്കണം: ബി.ജെ.പി

സുൽത്താൻ ബത്തേരി: തൊണ്ടിമുതൽ കണ്ടെത്താനുള്ള ശ്രമത്തിനിടെ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം സിപിഎം ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും ദേശീയ ഏജൻസി അന്വേഷണം നടത്തണമെന്നും ബി.ജെ.പി ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേനത്തിൽ ആവശ്യപ്പെട്ടു.
സിപിഎം നേതാവിന്റെ വീടിന് പിന്നിൽ നിന്നാണ് കുഴിച്ചിട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്ക്, ഫ്യുസ് വയർ എന്നിവ കണ്ടെത്തിയത്. കേസ് ഒതുക്കി തീർക്കാൻ ബത്തേരിയിലെ സിപിഎം നേതാക്കൾ പൊലീസിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ഷൈബിൻ അഷറഫിന്റെ ബിസിനസും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെടുത്തി കേസ് നിസാരവൽക്കരിക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നത്.
ബത്തേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തെയും മണ്ണ് മാഫിയയേയും സംരക്ഷിക്കുന്നത് ചില സിപിഎം നേതാക്കളാണ്. സ്‌ഫോടക വസ്തുക്കൾ ബത്തേരിയിൽ എത്തിയതിന് പിന്നിൽ വൻഗൂഢാലോചന നടന്നിട്ടുള്ളതായി സംശയിക്കുന്നു. നേരത്തെ ബത്തേരി കാരക്കണ്ടിയിൽ മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം സംബന്ധിച്ച അന്വേഷണവും ദേശീയ ഏജൻസിയെകൊണ്ട് നടത്തിക്കണമെന്ന്

ജില്ലാ പ്രസിഡന്റ് കെ.പി.മധു, വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയൽ, ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ്.കവിത എന്നിവർ ആവശ്യപ്പെട്ടു.